ജൂണ്‍ മാസത്തെ റേഷന്‍ വിതരണം ഇന്ന് ഉച്ചയ്ക്കു ശേഷം; റേഷന്‍ കടകള്‍ക്ക് നാളെ അവധി
ജൂണ്‍ മാസത്തെ റേഷന്‍ വിതരണം ഇന്ന് ഉച്ചയ്ക്കു ശേഷം; റേഷന്‍ കടകള്‍ക്ക് നാളെ അവധി
തിരുവനന്തപുരം: ജൂണ്‍ മാസത്തെ റേഷന്‍ വിതരണം ഇന്ന് ഉച്ചയ്ക്കു ശേഷം മാത്രമേ ആരംഭിക്കുകയുള്ളൂവെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. മഴക്കെടുതി കാരണം കണയന്നൂര്‍, കാര്‍ത്തികപ്പള്ളി, കുട്ടനാട് താലൂക്കുകളില്‍ മേയ് മാസത്തെ റേഷന്‍ വിതരണം പൂര്‍ത്തിയാകാന്‍ ഒരു ദിവസം കൂടി നീട്ടി നല്‍കിയിരുന്നത് ഇന്നലെ രാത്രി എട്ടു മണിയോടെയാണു പൂര്‍ത്തിയായത്. ഇതേത്തുടര്‍ന്ന് ഇ പോസ് യന്ത്രങ്ങള്‍ സജ്ജമാക്കാന്‍ ഉച്ച വരെ സാവകാശം വേണമെന്ന് ഹൈദരാബാദിലെ നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണിതെന്നു മന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.
ഈ മാസവും വെള്ള കാര്‍ഡ് ഉടമകള്‍ക്ക് 6 കിലോ അരി റേഷന്‍ വിഹിതമായി കിലോഗ്രാമിന് 10.90 രൂപ നിരക്കില്‍ ലഭിക്കും. നീല കാര്‍ഡിലെ ഓരോ അംഗത്തിനും സാധാരണ വിഹിതമായി 2 കിലോ അരി വീതം കിലോഗ്രാമിന് 4 രൂപ നിരക്കില്‍ നല്‍കും. സ്‌പെഷല്‍ വിഹിതമായി നീല കാര്‍ഡിന് 3 കിലോ അരി കിലോഗ്രാമിന് 10.90 രൂപ നിരക്കില്‍ വിതരണം ചെയ്യും. ബക്രീദ് പ്രമാണിച്ച് റേഷന്‍ കടകള്‍ക്ക് നാളെ അവധിയാണ്.