ഗവര്‍ണര്‍ പദവി ആവശ്യമില്ല; ഗവര്‍ണര്‍മാരെ രാഷ്ട്രീയ ചട്ടുകമാക്കി മാറ്റുന്നുവെന്ന് ബിനോയ് വിശ്വം
Update: 2025-06-06 10:52 GMT
കണ്ണൂര്‍: ഗവര്‍ണര്‍ പദവി വാസ്തവത്തില്‍ ആവശ്യമില്ലാത്തതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഗവര്‍ണര്‍ പദവിയെ സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ക്ക് മേല്‍ കടന്നുകയറാനുള്ള ഉപാധിയാക്കി കേന്ദ്രസര്‍ക്കാര്‍ മാറ്റുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ സംസ്ഥാനത്തിന്റെ താത്പര്യത്തിന് മേല്‍ കേന്ദ്രത്തിന്റെ താത്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ്. സംസ്ഥാന നിയമസഭ പാസാക്കിയ നിയമങ്ങള്‍ പോലും ഗവര്‍ണര്‍മാര്‍ തടഞ്ഞുവെക്കുന്നു. ബില്ലുകള്‍ അനിശ്ചിതകാലത്തേക്ക് വെച്ചുതാമസിപ്പിക്കാന്‍ ഗവര്‍ണര്‍മാര്‍ അവകാശമില്ല. പ്രധാനപ്പെട്ട ബില്ലുകള്‍ പോലും ഡല്‍ഹിയിലെ മേലാളന്മാരുടെ നിര്‍ദേശപ്രകാരം തടഞ്ഞുവെച്ച് ഗവര്‍ണര്‍മാര്‍ സംസ്ഥാനത്തിന്റെ വികസനം തടസ്സപ്പെടുത്തുകയാണെന്നും ബിനോയ് വിശ്വം ആരോപിച്ചു.