ഏഴു ദിവസം വ്യാപക മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമാകും
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമാകും. ഏഴുദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ഒറ്റപ്പെട്ട അതിതീവ്രമഴയ്ക്കും വ്യാഴാഴ്ച മുതല്‍ തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.
വ്യാഴാഴ്ച കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും വെള്ളിയാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും ശനിയാഴ്ച ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. അതേസമയം, ശനിയാഴ്ച കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ആണെങ്കിലും റെഡ് അലര്‍ട്ടിന് സമാനമായ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി.