കണ്ണൂരില്‍ ആളൊഴിഞ്ഞ വീട്ടുപറമ്പില്‍ നിന്നും ആറ് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി; ഉഗ്രസ്‌ഫോടനശേഷിയുളളവ എന്ന് പൊലീസ്; സിപിഎം വീണ്ടും കലാപത്തിന് കോപ്പുകൂട്ടുകയാണെന്ന് കോണ്‍ഗ്രസ്

കണ്ണൂരില്‍ വീണ്ടും സ്റ്റീല്‍ ബോംബുകള്‍

Update: 2025-07-01 18:13 GMT

കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. കൂത്തുപറമ്പ് മാങ്ങാട്ടിടം ഓയില്‍ മില്ലിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ നിന്നാണ് ആറ് സ്റ്റീല്‍ ബോംബുകള്‍ ചൊവ്വാഴ്ച്ച രാവിലെ കണ്ടെത്തിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് കൂത്തുപറമ്പ് പൊലിസ് നടത്തിയ തെരച്ചിലിലാണ് ബോംബുകള്‍ കണ്ടെത്തിയത്. ഉഗ്രസ്‌ഫോടനശേഷിയുള്ള സ്റ്റീല്‍ ബോംബുകളാണ് കണ്ടെത്തിയത്.

പിടിച്ചെടുത്ത ബോംബുകള്‍ കൂത്തുപറമ്പ് പൊലിസ് സ്റ്റേഷന്‍ വളപ്പിലേക്ക് മാറ്റി. കണ്ണൂരില്‍ നിന്നെത്തിയ ബോംബ് സ്‌ക്വാഡ് നിര്‍വീര്യമാക്കി ബോംബ് കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രദേശത്ത് പൊലിസും ബോംബ് - ഡോഗ് സ്‌ക്വാഡുകളും വ്യാപകമായ തെരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല.

ബോംബ് നിര്‍മ്മാണവും സംഭരണവുമായി ജില്ലയില്‍ സിപിഎം വീണ്ടും കലാപത്തിനു കോപ്പു കൂട്ടുകയാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു. കൂത്തുപറമ്പ് മാങ്ങാട്ടിടത്ത് സിപിഎമ്മിന്റെ ശക്തികേന്ദ്രത്തില്‍ നിന്നാണ് ആറു സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയത്. ഏറെ പഴക്കമുള്ള ബോംബുകളല്ല ഇതെന്നു വ്യക്തമാണ്. തദ്ദേശഭരണ തെരഞ്ഞെടുപ്പൊക്കെ അടുത്തു വരുമ്പോള്‍ കണ്ണൂരില്‍ കലാപാന്തരീക്ഷമുണ്ടാക്കി ആളുകളില്‍ ഭീതി സൃഷ്ടിക്കാന്‍ ആസൂത്രിത നീക്കം നടക്കുകയാണെന്ന സംശയം ബലപ്പെടുകയാണ്. അടുത്ത കാലത്തായി ബോംബുകളും ആയുധങ്ങളും കണ്ടെത്താന്‍ പോലീസ് റെയ്ഡുകളൊന്നും ജില്ലയില്‍ നടത്താറില്ല.

സിപിഎമ്മിന്റെയും ബിജെപിയുടേയും ശക്തികേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ബോംബ് നിര്‍മാണ കേന്ദ്രങ്ങള്‍ സമാധാനമാഗ്രഹിക്കുന്ന ജനങ്ങളുടെ ഉള്ളില്‍ തീ കോരിയിടുകയാണ്. പ്രാദേശിക നേതൃത്വങ്ങളുടെ ഒത്താശയോടെയാണ് ബോംബ് നിര്‍മാണം നടക്കുന്നത്. ആളൊഴിഞ്ഞ പറമ്പുകളില്‍ ഒളിപ്പിച്ചു വെക്കുന്ന ബോംബുകള്‍ പലപ്പോഴും കാടുവെട്ടിത്തെളിക്കുന്ന തൊഴിലുറപ്പു തൊഴിലാളികളുടെയൊക്കം ജീവനാണ് അപകടത്തിലാക്കുന്നത്. ബോംബുകള്‍ പിടികൂടിയാല്‍ പോലും തുടര്‍ന്ന് ഇതിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണമൊന്നും പോലീസ് നടത്താറില്ല. മുഖ്യമന്ത്രിയും പുതിയ ഡിജിപിയുമൊക്കെ ജില്ലയിലുള്ള ദിവസം തന്നെയാണ് ബോംബുകള്‍ പിടികൂടിയത്. കൂത്തുപറമ്പില്‍ സ്റ്റീല്‍ ബോംബുകള്‍ പിടികൂടിയ സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്താന്‍ പോലീസ് തയ്യാറാകണമെന്ന് മാര്‍ട്ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു.

Tags:    

Similar News