സത്യം വിളിച്ച് പറഞ്ഞ ഡോ. ഹാരീസ് ഹസന്‍ ഒരു പ്രതീകം; പിണറായി സര്‍ക്കാര്‍ ആശുപത്രികളെ ആളെക്കൊല്ലി കേന്ദ്രങ്ങളാക്കിയെന്ന് കെ.സി.വേണുഗോപാല്‍ എംപി
പിണറായി സര്‍ക്കാര്‍ ആശുപത്രികളെ ആളെക്കൊല്ലി കേന്ദ്രങ്ങളാക്കിയെന്ന് കെ.സി.വേണുഗോപാല്‍ എംപി
കണ്ണൂര്‍ :ഒന്‍പത് വര്‍ഷം കൊണ്ട് പിണറായി ഭരണം കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളെ ആളെക്കൊല്ലി കേന്ദ്രങ്ങളാക്കിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി പറഞ്ഞു. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയ ഉപകരണങ്ങളുടെയും മരുന്നിന്റെയും ക്ഷാമവും ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും അഭാവവും പരിഹരിക്കണമെന്നും ആരോഗ്യമേഖലയോടുള്ള സര്‍ക്കാരിന്റെ അവഗണനയും അനാസ്ഥയും അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കെപിസിസി ആഹ്വാന പ്രകാരം ഡിസിസി സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ്ണയുടെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജിന് മുന്നില്‍ നിര്‍വഹിച്ച് പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.
ആരോഗ്യ സുരക്ഷയുമായി ബന്ധപ്പെട്ട് സാധാരണക്കാരന്റെ അഭയകേന്ദ്രമാണ് സര്‍ക്കാര്‍ ആശുപത്രികള്‍. അവയെ തകര്‍ക്കുന്നത് സ്വകാര്യ ലോബിയെ സഹായിക്കാനാണ്. ഉപകരണക്ഷാമത്തെ തുടര്‍ന്ന് ചികിത്സയും ശസ്ത്രക്രിയയും മുടങ്ങുന്നുവെന്ന സത്യം വിളിച്ച് പറഞ്ഞ ഡോ. ഹാരീസ് ഹസന്‍ ഒരു പ്രതീകമാണ്. ഗത്യന്തരമില്ലാതെയാണ് ഡോ.ഹാരീസിന് മെഡിക്കല്‍ കോളേജിന്റെ ദയനീയാവസ്ഥ തുറന്ന് പറയേണ്ടിവന്നത്. വിവിധ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്കും അദ്ദേഹത്തിന്റെ അഭിപ്രായമാണ്. സര്‍ക്കാരിന്റെ പ്രതികാര നടപടി ഭയന്ന് തുറന്ന് പറയുന്നില്ലെന്ന് മാത്രം. എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കുന്നതില്‍ പിണറായി വിജയന്‍ മോദിക്ക് പഠിക്കുകയാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
ഉപകരണക്ഷാമം, മരുന്ന് ക്ഷാമം, ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും അഭാവവും കാരണം സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളുടെയും ജില്ലാ-താലൂക്ക് ആശുപത്രികളുടെയും പ്രവര്‍ത്തനം താളംതെറ്റി. അത് പരിഹരിക്കാന്‍ ഉത്തരവാദിത്തപ്പെട്ട ആരോഗ്യമന്ത്രി സിസ്റ്റത്തിന്റെ കുഴപ്പമാണെന്ന് പറഞ്ഞ് യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണ്. ഉപകരണക്ഷാമം പരിഹരിക്കാന്‍ ഡോക്ടമാര്‍ക്ക് രോഗികളില്‍ നിന്നും ഇരക്കേണ്ട അവസ്ഥയാണ്. ഉച്ചക്കഞ്ഞിയുമായി ബന്ധപ്പെട്ട് സൂക്ളുകള്‍ അധ്യാപകരുടെയും അവസ്ഥ ഇതുതന്നെയാണ്. ആശുപത്രികളിലെത്തുന്ന രോഗികള്‍ക്ക് ചുറ്റം ചികിത്സാ ഉപകരണങ്ങളുടെ വിതരണ കമ്പനികളുടെ ഏജന്റുമാര്‍ വട്ടമിട്ട് കറങ്ങുകയാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
സര്‍ക്കാരിന്റെ ധനപ്രതിസന്ധി ആരോഗ്യമേഖലയെ തകര്‍ത്തു. സമസ്തമേഖലയിലും കുടിശികയാക്കുന്നത് എല്‍എഡിഎഫ് സര്‍ക്കാരിന്റെ മുഖമുദ്രയാണ്. പെന്‍ഷന്‍ കുടിശ്ശിക പോലെ ആരോഗ്യമേഖലയിലും കോടികളുടെ കുടിശ്ശികയാണ് സര്‍ക്കാര്‍ വരുത്തിയത്. മരുന്നു കമ്പനികള്‍ക്ക് കൊടുക്കാനുള്ളത് ആയിരം കോടി.കാരുണ്യ പദ്ധതി പോലുള്ള ഓരോന്നിനും സര്‍ക്കാര്‍ നല്‍കാനുള്ളത് കോടികളാണ്. ഇതോണോ സര്‍ക്കാര്‍ വീമ്പ് പറയുന്ന നമ്പര്‍ വണ്‍ കേരള മോഡല്‍. ബജറ്റലില്‍ ആരോഗ്യമേഖലയ്ക്ക് അനുവദിച്ച തുക വെട്ടിച്ചുരുക്കുന്നതാണ് സര്‍ക്കാര്‍ സമീപനം. ധനമന്ത്രി യഥാര്‍ത്ഥ വസ്തുകള്‍ മറച്ചുവെച്ച് ജനങ്ങളെ കബളിപ്പിക്കുകയാണ്.അനുവദിച്ചതും വെട്ടിച്ചുരുക്കിയതുമായ തുകയുടെയും കണക്ക് പുറത്തുവിടാന്‍ ധനമന്ത്രി തയ്യാറാകണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
ജീവന്‍ രക്ഷാ മരുന്ന് പോലുംസര്‍ക്കാര്‍ ആശുപത്രിയില്‍ ലഭ്യമല്ല. മികവിന്റെ കേന്ദ്രങ്ങളായിരുന്ന നമ്മുടെ ആരോഗ്യമേഖലയില്‍ നിന്ന് ചികിത്സാപിഴവുമായി ബന്ധപ്പെട്ട് ആശങ്കപ്പെടുത്തുന്ന വാര്‍ത്തകളാണ് സമീപകാലത്ത് പുറത്തുവരുന്നത്. എല്ലാ മെഡിക്കല്‍ കോളേജുകളിലും വിവിധ വിഭാഗങ്ങളിലായി നൂറുകണക്കിന് ഡോക്ടര്‍മാരുടെയും പാരമെഡിക്കല്‍,സ്റ്റാഫ് നേഴ്സ് ജീവനക്കാരുടെയും തസ്തികളാണ് ഒഴിഞ്ഞ് കിടക്കുന്നത്.ഇവ നികത്തുന്നതിന് സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ല. ചില സ്ഥലങ്ങളില്‍ ഡോക്ടര്‍മാരെ നിയമിച്ചാലും അവരെല്ലാം സ്വകാര്യ ആശുപ്രതികളിലേക്ക് പോകുന്നു. അതൊഴിവാക്കാനും സര്‍ക്കാരിന് നടപടിയില്ല. ആരോഗ്യമേഖലയില്‍ അഴിമതി വ്യാപകമായി. കോവിഡ് കാലത്തെ പിപിഇ കിറ്റ് കൊള്ള നാം കണ്ടതാണ്. ആരോഗ്യമേഖലയെ സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ കൊണ്ടുവരുന്ന പദ്ധതികള്‍ക്ക് എല്ലാ സഹായവും നല്‍കാന്‍ പ്രതിപക്ഷ ജനപ്രതിനിധികള്‍ തയ്യാറാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്ജ് സ്വാഗതം പറഞ്ഞു. നേതാക്കളായ അഡ്വ.സജീവ് ജോസഫ് എം എല്‍ എ അഡ്വ.സോണി സെബാസ്റ്റിയന്‍, വി എ നാരായണന്‍, സജീവ് മാറോളി, റിജില്‍ മാക്കുറ്റി,അഡ്വ.ടി ഒ മോഹനന്‍,മുഹമ്മദ് ബ്ലാത്തൂര്‍,രജനി രാമാനന്ത്,എം പി ഉണ്ണികൃഷ്ണന്‍, രാജീവന്‍ എളയാവൂര്‍ ,കൊയ്യം ജനാര്‍ദനന്‍,അമൃത രാമകൃഷ്ണന്‍,വി പി അബ്ദുല്‍ റഷീദ്, പ്രൊഫ.കെ വി ഫിലോമിന,ശ്രീജ മഠത്തില്‍, പി മുഹമ്മദ് ഷമ്മാസ്, പി കെ സരസ്വതി,അഡ്വ.പി ഇന്ദിര, സജീവന്‍, എം സി അതുല്‍ തുടങ്ങിയ നേതാക്കള്‍ സംസാരിച്ചു.