ലോക മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് ഗെയിംസ്; സ്‌പെയിനില്‍ നടന്ന മത്സരത്തില്‍ നൂറ് മീറ്ററില്‍ സ്വര്‍ണം നേടി ഇടുക്കി മെഡിക്കല്‍ കോളേജിലെ ഡോകടര്‍
ലോക മെഡിക്കല്‍ ഗെയിംസ്; നൂറ് മീറ്ററില്‍ സ്വര്‍ണം നേടി ഇടുക്കി മെഡിക്കല്‍ കോളേജിലെ ഡോകടര്‍
തൊടുപുഴ: ലോക മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് ഗെയിംസില്‍ പുരുഷവിഭാഗം 100 മീറ്ററില്‍ (35നും 44നും ഇടയില്‍ പ്രായമുള്ളവരുടെ വിഭാഗം) സ്വര്‍ണം നേടി ഇടുക്കി മെഡിക്കല്‍ കോളജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം അസോഷ്യേറ്റ് പ്രഫസറായ ഡോ. ആല്‍വിന്‍ ആന്റണി. 12 സെക്കന്‍ഡില്‍ ഓടി എത്തിയാണ് ആല്‍വിന്‍ വേഗതാരമായത്. ഫ്രഞ്ച് താരം വെള്ളിയും അള്‍ജീരിയന്‍ താരം വെങ്കലവും നേടി. ഇരട്ടസ്വര്‍ണം തേടി ആല്‍വിന്‍ ഇനി 200 മീറ്ററിലും മത്സരിക്കും. എറണാകുളം തൃക്കാക്കര സ്വദേശിയാണ്.
സ്‌പെയിനിലെ ബാര്‍സിലോനയിലാണ് മത്സരം നടന്നത്. പഠനകാലത്തു സര്‍വകലാശാലാ മത്സരങ്ങളില്‍ മെഡല്‍ നേടിയിട്ടുണ്ട്. ആഴ്ചയിലൊരിക്കല്‍ വീട്ടില്‍ പോകുമ്പോള്‍ മഹാരാജാസ് കോളജ് ഗ്രൗണ്ടിലാണു പരിശീലനം. രണ്ടു വര്‍ഷമായി ദേശീയ ഐഎംഎ ഗെയിംസില്‍ മെഡല്‍ ജേതാവാണ്. ഒരുമാസമായി മുന്‍ രാജ്യാന്തര അത്ലീറ്റ് ജോസഫ് ജി.ഏബ്രഹാമിന്റെ ശിക്ഷണത്തിലാണു പരിശീലനം. ഭാര്യ ഡോ. അശ്വതി വര്‍ഗീസ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്നു. രണ്ടുമക്കളുണ്ട്.