അഴിമതിക്കാരെ അലക്കി വെളുപ്പിക്കുന്ന സംഘ്പരിവാര്‍ വാഷിങ് മെഷിനെ ദൂരെ നിര്‍ത്തുന്നതാണ് മലയാളിയുടെ വിദ്യാഭ്യാസക്കുറവെങ്കില്‍ അത് ആഘോഷിക്കപ്പെടണം; ഗവര്‍ണ്ണറുടെ പ്രസ്താവനയെ വിമര്‍ശിച്ച് രമേശ് ചെന്നിത്തല

Update: 2025-06-11 11:33 GMT

തിരുവനന്തപുരം: മലയാളികള്‍ക്ക് സാക്ഷരതയുണ്ട് പക്ഷേ വിദ്യാഭ്യാസമില്ല എന്ന ഗവര്‍ണറുടെ പ്രസ്താവനയ്‌ക്കെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല. മലയാളികള്‍ക്ക് സാക്ഷരതയുണ്ട് പക്ഷേ വിദ്യാഭ്യാസമില്ല എന്ന ഗവര്‍ണറുടെ പ്രസ്താവന കണ്ടു. ചുറ്റുമുള്ള സാഹചര്യങ്ങള്‍ മനസ്സിലാക്കുന്നതാണ് വിദ്യാഭ്യാസം എന്നും അത് കേരളീയര്‍ക്ക് കുറവാണ് എന്നും ബഹുമാനപ്പെട്ട ഗവര്‍ണര്‍ പറഞ്ഞു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ഇഡിയുടെ ചുവപ്പുകാര്‍ഡ് കാണിച്ചും അഴിമതിക്കാരെ വാഷിംഗ് മെഷീനില്‍ അലക്കി വെളുപ്പിച്ചും ബിജെപി അധികാരം പിടിച്ചെടുക്കുന്നതു കണ്ട് മലയാളികള്‍ മനസ്സിലാക്കി സംഘപരിവാറിന് ഒപ്പം നില്‍ക്കണം എന്നാണ് അദ്ദേഹം ഉദ്ദേശിച്ച വിദ്യാഭാസം എങ്കില്‍ ക്ഷമിക്കണം ഗവര്‍ണര്‍ ഞങ്ങള്‍ക്ക് അതില്‍ കുറച്ചു ഉള്ള വിദ്യാഭ്യാസം മതി. ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കാത്ത, ഒരു മതസംഘടന ഉണ്ടാക്കിയ ഒരു ചിത്രം ദേശീയതയുടെ ഭാഗമായി അംഗീകരിക്കണം എന്നതാണ് താങ്കള്‍ ഉദ്ദേശിക്കുന്ന വിദ്യാഭ്യാസമെങ്കില്‍ സോറി സാര്‍, ഞങ്ങള്‍ക്ക് അതില്‍ കുറച്ച് വിദ്യാഭ്യാസം മതിയെന്നും ചെന്നിത്തല പറഞ്ഞു.

ദളിതന് ഒരേ കിണറ്റില്‍ നിന്ന് വെള്ളം എടുക്കാന്‍ അനുവദിക്കാത്ത, ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നവനെ തല്ലിക്കൊല്ലുന്ന സംവിധാനം നിലനില്‍ക്കുന്നതാണ് താങ്കള്‍ ഉദ്ദേശിച്ച വിദ്യാഭ്യാസമെങ്കില്‍ ഞങ്ങള്‍ക്ക് അതില്‍ കുറച്ച് വിദ്യാഭ്യാസം മതി. ഏറ്റവും ദരിദ്രനായ കുട്ടിക്ക് പോലും സൗജന്യമായി വിദ്യാഭ്യാസം ഉറപ്പ് നല്‍കുന്നതാണ് താങ്കള്‍ ഉദ്ദേശിച്ച വിദ്യാഭ്യാസ കുറവ് എങ്കില്‍ ഞങ്ങള്‍ അതില്‍ സംതൃപ്തരാണ്. ജാതിയുടെയും മതത്തിന്റെയും പേരില്‍ വര്‍ഗീയ കലാപം ഉണ്ടാക്കാത്തതാണ് കേരളത്തിന്റെ വിദ്യാഭ്യാസ കുറവ് എങ്കില്‍ ഞങ്ങള്‍ അതില്‍ അഭിമാനിക്കുന്നു. അദാനിക്കും അംബാനിക്കും മുന്നില്‍ മുട്ടുമടക്കാത്തതാണ് കേരളത്തിന്റെ വിദ്യാഭ്യാസക്കുറവ് എങ്കില്‍ ഞങ്ങള്‍ അതില്‍ സന്തുഷ്ടരാണ്. പാവപ്പെട്ടവനും പണക്കാരനും ദളിതനും ആദിവാസിയും സവര്‍ണ്ണനും ഒരേ മേശയ്ക്കു ചുറ്റുമിരുന്നു ഭക്ഷണം കഴിക്കുന്നതാണ് ഞങ്ങളുടെ പോരായ്മ എങ്കില്‍ ഞങ്ങള്‍ അത് ആഘോഷിക്കുന്നു - രമേശ് ചെന്നിത്തല വ്യക്തമാക്കി.

Tags:    

Similar News