അങ്കണവാടിയിലെ ഫാന്‍ പൊട്ടിവീണത് കുട്ടികളുടെ പുറത്തേക്ക്; മൂന്ന് വയസ്സുകാരന് പരിക്ക്
അങ്കണവാടിയിലെ ഫാന്‍ പൊട്ടിവീണത് കുട്ടികളുടെ പുറത്തേക്ക്; മൂന്ന് വയസ്സുകാരന് പരിക്ക്
കൊല്ലം: അങ്കണവാടിക്കെട്ടിടത്തിലെ ഉപയോഗശൂന്യമായ സീലിങ്ഫാന്‍ പൊട്ടിവീണ് മൂന്നുവയസ്സുകാരന് പരിക്കേറ്റു. കൊല്ലം തിരുമുല്ലവാരം സര്‍പ്പക്കുഴിയിലെ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടിയിലാണ് ഫാന്‍ പൊട്ടിവീണത്. കുട്ടിയെ ജില്ലാ ആശുപത്രിയിലെത്തിച്ച് സ്‌കാനിങ് ഉള്‍പ്പെടെയുള്ള പരിശോധന നടത്തി. കാര്യമായ പരിക്കില്ലാത്തതിനാല്‍ വിട്ടയച്ചു.
വ്യാഴാഴ്ച രാവിലെ 10.30-ഓടെയായിരുന്നു സംഭവം. അധ്യാപിക അവധിയായിരുന്നതിനാല്‍ ആയ മാത്രമാണ് അങ്കണവാടിയിലുണ്ടായിരുന്നത്. കാലപ്പഴക്കംകൊണ്ട് ഏറെനാളായി ഉപയോഗിക്കാതിരുന്ന ഫാനാണ് വീണത്. മൂന്നു കുട്ടികളാണ് വ്യാഴാഴ്ച എത്തിയത്. മറ്റൊരു കുട്ടിയുടെ കൈയില്‍ ഫാനിന്റെ ലീഫ് തട്ടിയെങ്കിലും പരിക്കേറ്റില്ല.സൂപ്പര്‍വൈസറും സ്ഥലത്തെത്തിയിരുന്നു.
കെട്ടിടത്തിന് ഫിറ്റ്‌നസ് നല്‍കിയ ഉദ്യോഗസ്ഥരോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെട്ടിടത്തിലെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ അറിയിച്ചിട്ടുണ്ടെന്നും വാര്‍ഡ് പ്രതിനിധിയും ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷയുമായ യു. പവിത്ര അറിയിച്ചു. വെള്ളിയാഴ്ചമുതല്‍ കുട്ടികളെ സമീപത്തുള്ള, കോര്‍പ്പറേഷന്റെ സ്വന്തംകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന തോട്ടുമുഖത്തെ അങ്കണവാടിയിലേക്ക് മാറ്റും.