മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ്; മസ്റ്ററിങ് നടത്താത്ത അഞ്ച് ലക്ഷം കുടുംബങ്ങള്‍ക്ക് അടുത്ത മാസം മുതല്‍ റേഷന്‍ മുടങ്ങും

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ്; മസ്റ്ററിങ് നടത്താത്ത അഞ്ച് ലക്ഷം കുടുംബങ്ങള്‍ക്ക് അടുത്ത മാസം മുതല്‍ റേഷന്‍ മുടങ്ങും

Update: 2025-06-26 00:41 GMT

തിരുവനന്തപുരം: മുന്‍ഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകളില്‍ മസ്റ്ററിങ് നടത്താത്ത അഞ്ച് ലക്ഷത്തില്‍പരം ഗുണഭോക്താക്കള്‍ക്ക് അടുത്ത മാസം മുതല്‍ റേഷന്‍ മുടങ്ങും. ഈ കാര്‍ഡുകളിലെ അംഗങ്ങളില്‍ ആരെങ്കിലും മസ്റ്ററിങ് നടത്തിയിട്ടുണ്ടെങ്കില്‍ കാര്‍ഡ് റദ്ദാക്കില്ല, നടത്തിയവര്‍ക്കുള്ള റേഷന്‍ ലഭിക്കും. നടത്താത്തവരെ മാത്രം താല്‍ക്കാലികമായി ഒഴിവാക്കി ഇവര്‍ക്ക് നോണ്‍ കേരള റസിഡന്റ്‌സ് (എന്‍ആര്‍കെ) സ്റ്റാറ്റസ് നല്‍കും. ഇവര്‍ക്ക് മസ്റ്ററിങ്ങിനു മൂന്ന് മാസത്തെ സാവകാശം നല്‍കും.

മൂന്ന് മാസം സാവകാശം നല്‍കുമ്പോള്‍ റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തുകയും മസ്റ്ററിങ് നടത്താത്തവര്‍ക്കു പ്രത്യേക അറിയിപ്പ് നല്‍കുകയും ചെയ്യും. തുടര്‍ന്നു നോട്ടിസ് നല്‍കിയാകും ഒഴിവാക്കുക. ഇതുസംബന്ധിച്ച് ഭക്ഷ്യപൊതുവിതരണ കമ്മിഷണര്‍ എല്ലാ ജില്ലാ സപ്ലൈ ഓഫിസര്‍മാര്‍ക്കും നിര്‍ദേശം നല്‍കി. കേന്ദ്രസര്‍ക്കാര്‍ മസ്റ്ററിങ്ങിന് അനുവദിച്ച സമയം ഈ മാസം 30ന് അവസാനിക്കുന്ന സാഹചര്യത്തിലാണു നടപടി.

നിലവില്‍ മസ്റ്ററിങ് നടത്തേണ്ട 1,44,90,188 (1.44 കോടി) ഗുണഭോക്താക്കളില്‍ 96.48% മസ്റ്ററിങ് നടത്തിയിട്ടുണ്ട്. അതേസമയം, കിടപ്പ് രോഗികള്‍, ഗുരുതര രോഗബാധിതര്‍ തുടങ്ങി മസ്റ്ററിങ് നടത്താന്‍ സാധിക്കാത്തവരെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സാങ്കേതിക നടപടികള്‍ക്കു നേതൃത്വം നല്‍കുന്ന നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ ഹൈദരാബാദിനു സര്‍ക്കാര്‍ പ്രത്യേക കത്ത് നല്‍കും. ഏകദേശം 9 ലക്ഷത്തോളം പേര്‍ ഇങ്ങനെ ഉണ്ടെന്നാണ് കണക്ക്.

Tags:    

Similar News