ഭക്ഷണം കഴിക്കാനെത്തിയ ലോട്ടറി വില്പനക്കാരെ സഹായിക്കാനായി ലോട്ടറിയെടുത്തു; റസ്റ്ററന്റ് ഉടമയ്ക്ക് ഒരു കോടി രൂപ സമ്മാനം
ലോട്ടറി വില്പനക്കാരെ സഹായിക്കാനായി ലോട്ടറിയെടുത്തു; റസ്റ്ററന്റ് ഉടമയ്ക്ക് ഒരു കോടി രൂപ സമ്മാനം
പാമ്പാടി: ഭക്ഷണം കഴിക്കാനെത്തുന്ന ലോട്ടറി വില്പനക്കാരെ സഹായിക്കാനായി ലോട്ടറിയെടുത്ത റസ്റ്ററന്റ് ഉടമയ്ക്ക് ഒരു കോടി രൂപ സമ്മാനം അടിച്ചു. ന്യൂസംഗം ഹോട്ടലുടമ പുത്തന്‍പറമ്പില്‍ പി.ടി.സന്തോഷ് എടുത്ത കാരുണ്യ പ്ലസിന്റെ ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി ലഭിച്ചത്. ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തുന്ന ലോട്ടറി വില്പനക്കാരുടെ കയ്യില്‍ ബാക്കിയാകുന്ന ടിക്കറ്റുകള്‍ വാങ്ങുന്നത് സന്തോഷിന്റെ ശീലമാണ്.
ഡയാലിസിസ് രോഗികള്‍ക്കുള്ള ഭക്ഷണം ന്യൂസംഗം ഹോട്ടലില്‍ സൗജന്യമായി നല്‍കാറുണ്ട്. വേനലില്‍ കടയ്ക്കു സമീപം ശുദ്ധജലം ക്രമീകരിക്കുന്ന ശീലവും സന്തോഷിന് ഉണ്ട്. 'മറ്റുള്ളവരുടെ വിഷമങ്ങള്‍ കണ്ടതിനു ദൈവം തന്നതാണ് ഈ ഭാഗ്യമെന്നു വിശ്വസിക്കുന്നു. മുന്പോട്ടും സാധാരണ ജീവിതമാണ് ആഗ്രഹം' സന്തോഷ് പറഞ്ഞു. സമ്മാനാര്‍ഹമായ ടിക്കറ്റ് പാമ്പാടി സഹകരണ ബാങ്കില്‍ ഏല്പിച്ചു.