ഇത് ഫുള്ളാ, കയറാന്‍ പറ്റത്തില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; അടുത്ത വണ്ടിയില്‍ കയറ്റാന്‍ ടൂര്‍ പാക്കേജല്ലെന്ന് പോലീസും: മന്ത്രി വീണാ ജോര്‍ജിന്റെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയവരെ ബലം പ്രയോഗിച്ച് മാറ്റി പോലീസ്

മന്ത്രി വീണ ജോർജിന്റെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്

Update: 2025-07-04 01:49 GMT

തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം ഇടിഞ്ഞുവീണ് സ്ത്രീ മരിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധം. മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ ഔദ്യോഗിക വസതിയിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് സംഘര്‍ഷാവസ്ഥയിലേക്ക് കടന്നതോടെ വനിതകളടക്കമുള്ള പ്രതിഷേധക്കാരെ പൊലീസ് ബലംപ്രയോഗിച്ച് കസ്റ്റിഡിയിലെടുക്കുകയായിരുന്നു.

പൊലീസ് വാഹനത്തില്‍ കുത്തിനിറച്ച് കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും വനിത പ്രവര്‍ത്തകര്‍ കയറാന്‍ വിസമ്മതിച്ചു. 'ഇത് ഫുള്ളാ, കയറാന്‍ പറ്റത്തില്ല, നിങ്ങള്‍ വേറെ വണ്ടി വിളിക്ക്' എന്ന് പറഞ്ഞ് നിലയുറപ്പിച്ച പ്രവര്‍ത്തകരെ അടുത്ത വാഹനത്തില്‍ കയറ്റാന്‍ ശ്രമിച്ചതോടെ 'ടൂര്‍ പാക്കേജാണോ അടുത്ത വണ്ടിയില്‍ കയറാന്‍ പറയാന്‍' എന്നായിരുന്നു മറുപടി. 'നിങ്ങള്‍ വിളിക്കുമ്പോള്‍ വരാന്‍, ഞാന്‍ ടൂര്‍ പോകാന്‍ വന്നതല്ല, സമരം ചെയ്യാന്‍ വന്നതല്ല', എന്നതായിരുന്നു മറ്റൊരു വനിത നേതാവിന്റെ മറുപടി. ഒടുവില്‍ പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് സ്ഥലത്ത് നിന്നും മാറ്റുക ആയിരുന്നു.

മെഡിക്കല്‍ കോളജിലെ പഴയ കെട്ടിടം തകര്‍ന്നുവീണ് തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ് (56) മരിച്ചത്. രാവിലെ 10.30-നായിരുന്നു കെട്ടിടം തകര്‍ന്നുവീണത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ ആരും പെട്ടിട്ടില്ലെന്നാണ് സ്ഥലത്തെത്തിയ ആരോഗ്യ മന്ത്രി വീണാ ജോര്‍ജും മന്ത്രി വി.എന്‍. വാസവനും പറഞ്ഞത്. പുതുപ്പള്ളി എം.എല്‍.എ ചാണ്ടി ഉമ്മന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കൂടുതല്‍ തിരച്ചില്‍ നടത്തണമെന്ന് ആവശ്യപ്പെട്ടു. പിന്നീട് 12.30ഓടെ തിരച്ചില്‍ തുടങ്ങി. മണ്ണുമാന്തി യന്ത്രങ്ങള്‍ എത്തിച്ച് കൂടുതല്‍ പരിശോധന നടത്തിയപ്പോള്‍ ഉച്ചക്ക് ഒരു മണിയോടെ ബിന്ദുവിനെ കണ്ടെത്തുകയായിരുന്നു.

അതേസമയം, സംഭവത്തില്‍ കോട്ടയം, തിരുവനന്തപുരം, പത്തനംതിട്ട, കൊച്ചി, കോഴിക്കോട് അടക്കം സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ കടുത്ത പ്രതിഷേധം ഉയരുകയാണ്.

Tags:    

Similar News