പാലക്കാട് ജില്ലയില്‍ നിപ ബാധിച്ച് ചികിത്സയിലുള്ള വ്യക്തിയുടെ നില ഗുരുതരാവസ്ഥയില്‍; ആന്റി ബോഡി ചികില്‍സയില്‍ പ്രതീക്ഷ
പാലക്കാട്: പാലക്കാട് ജില്ലയില്‍ നിപ ബാധിച്ച് ചികിത്സയിലുള്ള വ്യക്തിയുടെ നില ഗുരുതരാവസ്ഥയില്‍ തുടരുന്നു. എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. വ്യാപനം തടയാനാണ് ലക്ഷ്യമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. മണ്ണാര്‍ക്കാട് തച്ചമ്പാറ സ്വദേശിയായ 38-കാരിക്കാണ് നിപ സ്ഥിരീകരിച്ചത്. ഇവരെ വിദഗ്ധചികിത്സയ്ക്കായി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍നിന്ന് കോഴിക്കോട് മെഡിക്കല്‍കോളേജിലേക്ക് മാറ്റുകയായിരുന്നു. ആദ്യ ഡോസ് ആന്റിബോഡി നല്‍കിയതിന് ശേഷമാണ് രോഗിയെ കോഴിക്കോട്ടേക്ക് മാറ്റിയത്. രണ്ടാം ഡോസ് ആന്റിബോഡി നിലവില്‍ രോഗിക്ക് നല്‍കുന്നുണ്ട്.
പാലക്കാട് ജില്ലയില്‍ നിപ സ്ഥിരീകരിച്ച രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ 173 പേരാണുള്ളത്. ഇതില്‍ 100 പേര്‍ പ്രൈമറി കോണ്ടാക്ട് ആണ്. അതില്‍ കുടുംബാംഗങ്ങളും ബന്ധുക്കളും ആരോഗ്യപ്രവര്‍ത്തകരുമുണ്ട്. അതില്‍ തന്നെ 52 പേര്‍ ഹൈ റിസ്‌ക് കോണ്ടാക്ട് ആണ്. ബാക്കി 73 പേര്‍ സെക്കന്‍ഡറി കോണ്ടാക്ട് ആണ്. ഈ കേസുമായി ബന്ധപ്പെട്ട് ആദ്യം പരിശോധിച്ച അഞ്ച് സാമ്പിളുകള്‍ നെഗറ്റീവ് ആയിരുന്നു. മറ്റ് നാലുപേരുടെ പരിശോധനാഫലം തിങ്കളാഴ്ച ഉച്ചയോടെ ലഭിക്കും. പാലക്കാട് മെഡിക്കല്‍ കോളേജിലും മഞ്ചേരിയിലുമായി 12 പേര്‍ നിലവില്‍ ഐസൊലേഷനിലുണ്ട്. ഇവരെ കൂടാതെ, രോഗിയുടെ മകന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഐസൊലേഷനിലാണ്.