ടിക്കറ്റ് നിരക്ക് 389; ഡിജിറ്റല്‍ പേയ്‌മെന്റായിട്ടും ഈടാക്കിയത് 390 രൂപ: യാത്രക്കാരന് കര്‍ണാടക ആര്‍ടിസി 30,001 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി
ബസിൽ ടിക്കറ്റ് നിരക്ക് 389, ഈടാക്കിയത് 390 രൂപ; കര്‍ണാടക ആര്‍ടിസി 30,001 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി
ബെംഗളൂരു: ടിക്കറ്റ് നിരക്കായി ഒരു രൂപ അധികം ഈടാക്കിയ കര്‍ണാടക ആര്‍ടിസി യാത്രക്കാരനു 30,001 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി. മൈസൂരു ജില്ലാ ഉപഭോക്തൃ ഫോറം ചെയര്‍മാന്‍ എ.കെ.നവീന്‍കുമാരിയാണ് ഉത്തരവിട്ടത്. യാത്രക്കാരന് 25,000 രൂപയും കോടതി ചെലവിലേക്ക് 5000 രൂപയും കര്‍ണാടക ആര്‍ടിസി ഒരുമാസത്തിനകം നല്‍കണം.
മൈസൂരു സ്വദേശിയായ അഭിഭാഷകന്‍ ജെ.കിരണ്‍കുമാര്‍ നല്‍കിയ പരാതിയിലാണു നഷ്ടപരിഹാരത്തിന് ഉത്തരവിട്ടത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ മൈസൂരുവില്‍ നിന്നു ബെംഗളൂരുവിലേക്കു കര്‍ണാടക ആര്‍ടിസിയുടെ ഐരാവത് എസി ബസില്‍ യാത്ര ചെയ്ത കിരണ്‍ ടിക്കറ്റ് നിരക്കായി 390 രൂപ ഡിജിറ്റല്‍ പേയ്‌മെന്റ് മുഖേന നല്‍കി. ടിക്കറ്റ് നിരക്ക് 370 രൂപയും ജിഎസ്ടി 19 രൂപയും ഉള്‍പ്പെടെ 389 രൂപയാണു യഥാര്‍ഥ നിരക്ക്. എന്നാല്‍, നിരക്ക് റൗണ്ടാക്കുന്നതിന്റെ ഭാഗമായാണു 390 രൂപ ഈടാക്കിയത്. ഡിജിറ്റല്‍ പേയ്‌മെന്റില്‍ കൃത്യം തുക നല്‍കാമായിരുന്നിട്ടും അധിക നിരക്ക് ഈടാക്കിയതിനെതിരെയാണു കിരണ്‍ ഉപഭോക്തൃ ഫോറത്തെ സമീപിച്ചത്.