കണ്ണൂരിലെ റെയില്‍വെ പാളത്തില്‍ വീണ്ടും കല്ലുകള്‍; സംഭവം വന്ദേഭാരത് കടന്നുപോകുന്നതിന് തൊട്ടു മുന്‍പ്; അമിത് ഷാ കണ്ണൂരിലെത്തിയ ദിവസത്തെ അട്ടിമറിശ്രമത്തിന് പിന്നിലുളളവരെ കണ്ടെത്താന്‍ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ്
കണ്ണൂരില്‍ റെയില്‍വെ പാളത്തില്‍ വീണ്ടും കല്ലുകള്‍
കണ്ണൂര്‍: കണ്ണൂരില്‍ റെയില്‍വെ പാളത്തില്‍ വീണ്ടും കല്ലുകള്‍കണ്ടെത്തി. വളപട്ടണം - കണ്ണപുരം റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലെ പാളത്തിലെ റെയില്‍വെ ട്രാക്കിലാണ് ഇന്ന് കരിങ്കല്ലുകള്‍ കണ്ടെത്തിയത്. വന്ദേഭാരത് ട്രെയിന്‍ കടന്നുപോകുന്നതിന് മുന്‍പായാണ് കല്ലുകള്‍ പാളത്തില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം വളപട്ടണത്തെ റെയില്‍വെ ട്രാക്കില്‍ കോണ്‍ക്രീറ്റ് സ്‌ളാബുകള്‍ കണ്ടെത്തിയിരുന്നു. ട്രെയിന്‍ അട്ടിമറിക്കാനാണ് പാളത്തിന് മുകളില്‍ കോണ്‍ക്രീറ്റ് കഷ്ണങ്ങള്‍ വെച്ചതെന്നാണ് റെയില്‍വെ പൊലിസിന്റെ സംശയം. ഈ സംഭവത്തിലെ പ്രതികള്‍ക്കായി അന്വേഷണം നടത്തിവരുന്നതിനിടെയാണ് മറ്റൊരു സംഭവം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കണ്ണൂരിലെത്തിയ ദിവസം തന്നെ റെയില്‍ ട്രാക്കില്‍ കല്ലുകള്‍ കണ്ടെത്തിയത് റെയില്‍വെ പൊലിസ് ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. സംഭവത്തിന് ഉത്തരവാദികളെ കണ്ടെത്തുന്നതിന് സി.സി.ടി.വി ക്യാമറകള്‍ പൊലിസ് പരിശോധിച്ചു വരികയാണ്. റെയില്‍വെ ട്രാക്കില്‍ നിരന്തരം തടസങ്ങള്‍ കണ്ടു. വരുന്നത് യാത്രകാരിലും ഭീതി പരത്തിയിട്ടുണ്ട്.