രണ്ട് മിനിറ്റ് മാത്രമെടുത്ത അതിവേഗ രക്ഷാപ്രവര്‍ത്തനം; നാലുവയസുകാരിയുടെ വിരലില്‍ കുടുങ്ങിയ മോതിരം മുറിച്ചുമാറ്റി ഫയര്‍ഫോഴ്‌സ്
തിരുവനന്തപുരം: നാലുവയസുകാരിയുടെ വിരലില്‍ കുടുങ്ങിയ മോതിരം അഗ്‌നിരക്ഷാസേന മുറിച്ചുമാറ്റി. തൊളിക്കോട് അപ്പച്ചിപ്പാറ അഹാന ഭവനില്‍ ശരണ്‍ലാലിന്റെ മകള്‍ അഹാനയുടെ വിരലില്‍ കുടുങ്ങിയ സ്റ്റീല്‍ മോതിരമാണ് ഇന്നലെ വിതുര ഫയര്‍ഫോഴ്‌സ് യൂണിറ്റില്‍ വച്ച് വേര്‍പെടുത്തിയെടുത്തത്. ആദ്യം കുട്ടി കരഞ്ഞെങ്കിലും രണ്ട് മിനിറ്റ് മാത്രമെടുത്തുള്ള അതിവേഗ പ്രവര്‍ത്തനത്തില്‍ മോതിരം മുറിച്ച് മാറ്റാനായതോടെ മുഖത്ത് പുഞ്ചിരി വിടര്‍ന്നു.
വിരലില്‍ കിടന്ന മോതിരം ഇറുകിയതോടെ കുട്ടിക്ക് വേദനയായി. തുടര്‍ന്ന് വീട്ടുകാര്‍ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും മോതിരം മുറിക്കുന്നതാണ് നല്ലതെന്ന് നിര്‍ദേശം കിട്ടിയതോടെ അഗ്‌നിരക്ഷാനിലയത്തിലേക്കെത്തിക്കുകയായിരുന്നു. പ്രത്യേക തരം കട്ടര്‍ ഉപയോഗിച്ചാണ് മോതിരം അറുത്തുമാറ്റിയത്. സേനാംഗങ്ങള്‍ക്ക് നന്ദിയറിയിച്ചായിരുന്നു അഹാന വീട്ടിലേക്ക് മടങ്ങിയത്.