കോഴിക്കോട് സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് മർദിച്ച കേസ്; മുഖ്യപ്രതിയെ പിടികൂടി പോലീസ്
മലപ്പുറം: കോഴിക്കോട് കിനാശ്ശേരി സ്വദേശി മുഹമ്മദ് ഷാലുവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച കേസിൽ മുഖ്യപ്രതിയായ വള്ളുവമ്പ്രം പൂക്കാട്ട് മൻസൂർ അലിയെ പോലീസ് അറസ്റ്റ് ചെയ്തു. ജൂലൈ 14-നാണ് ഷാലുവിനെ തൃപ്പനച്ചിയിലെ ഒരു വീട്ടിൽ കെട്ടിയിട്ട് അതിക്രൂരമായി മർദ്ദിച്ചത്. സംഭവത്തിൽ ആറ് പ്രതികളെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സ്വർണ്ണ ഇടപാടിലെ തർക്കത്തെത്തുടർന്നാണ് പ്രതികൾ ശാലുവിനെ തട്ടികൊണ്ട് പോയി മർദ്ദിച്ചത്.
അഞ്ചംഗ സംഘമാണ് ഷാലുവിനെ തട്ടിക്കൊണ്ടുപോയത്. ഈ സംഘത്തെയും ഇവരെ സഹായിച്ച ഒരാളെയും ഉൾപ്പെടെ ആറ് പേരെ പോലീസ് നേരത്തെ പിടികൂടിയിരുന്നു. എന്നാൽ, തട്ടിക്കൊണ്ടുപോകലിന്റെ മുഖ്യസൂത്രധാരൻ ചെന്നൈയിലേക്ക് ഒളിവിൽ പോയ മൻസൂർ അലിയാണെന്ന് പോലീസ് കണ്ടെത്തി. ഇയാളെ ഇപ്പോൾ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഷാലുവിനെ ആക്രമിക്കാനുപയോഗിച്ച ആയുധങ്ങൾ പോലീസ് കണ്ടെടുത്തു. കേസിൽ ഒരാൾ കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് അറിയിച്ചു.
കയ്യും കാലും കണ്ണും കെട്ടി മുറിയിൽ പൂട്ടിയിട്ടിരുന്ന ഷാലുവിനെ രഹസ്യവിവരത്തെത്തുടർന്ന് കൊണ്ടോട്ടി പോലീസ് സ്ഥലത്തെത്തിയാണ് മോചിപ്പിച്ചത്. സ്വർണ്ണ ഇടപാടിലെ തർക്കമാണ് സംഭവങ്ങൾക്ക് പിന്നിലെന്ന് പോലീസ് പറഞ്ഞു. ഇവരിൽ നിന്ന് ഷാലുവിന്റെ കൈവശമുണ്ടായിരുന്ന പണവും പോലീസ് കണ്ടെടുത്തു.