കുടുംബ പാരമ്പര്യം നിലനിര്‍ത്താന്‍ ആണ്‍കുഞ്ഞ് തന്നെ വേണമോ? ദമ്പതികളുടെ നിലപാടില്‍ വിമര്‍ശനവുമായി ഹൈക്കോടതി
കുടുംബ പാരമ്പര്യം നിലനിര്‍ത്താന്‍ ആണ്‍കുഞ്ഞ് തന്നെ വേണമോ? ഹൈക്കോടതി
ആണ്‍കുഞ്ഞിനെ ദത്തെടുക്കാന്‍ അനുവദിക്കണമെന്ന ദമ്പതികളുടെ ആവശ്യത്തില്‍ വിമര്‍ശനവുമായി ഹൈക്കോടതി. കുടുംബ പാരമ്പര്യം നിലനിര്‍ത്താന്‍ ആണ്‍കുഞ്ഞിനെ ദത്തെടുക്കണമെന്ന ദമ്പതികളുടെ നിലപാടാണ് കോടതിയുടെ വിമര്‍ശനത്തിന് ഇടയാക്കിയത്. പെണ്‍കുഞ്ഞിന് കുടുംബത്തിന്റെ പാരമ്പര്യം നിലനിര്‍ത്താന്‍ പറ്റില്ലേയെന്ന് കോടതി ചോദിച്ചു. വനിതാദിനം ആഘോഷിക്കുന്ന വേളയില്‍ തന്നെ ഇത്തരമൊരു ഹര്‍ജി പരിഗണിക്കേണ്ടി വന്നത് ദൗര്‍ഭാഗ്യകരമെന്നും ഹൈക്കോടതി ജസ്റ്റിസ് എം.ബി.സ്‌നേഹലത അഭിപ്രായപ്പെട്ടു
തൃശൂര്‍ സ്വദേശികളായ ദമ്പതികളുടെ ഹര്‍ജിയിലാണ് ഹൈക്കോടതി വിമര്‍ശനമുന്നയിച്ച്. ആണ്‍കുട്ടിയെ ദത്തെടുക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി ദത്തെടുക്കല്‍ ചട്ടങ്ങളിലെ നിയന്ത്രണങ്ങള്‍ക്കെതിരെയാണ് തൃശൂര്‍ സ്വദേശികളായ ദമ്പതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. ദമ്പതികള്‍ക്ക് നിലവില്‍ രണ്ട് കുട്ടികളുണ്ട്. മൂന്നാമതൊരു ആണ്‍കുട്ടിയെ ദത്തെടുക്കാനാണ് ഇവര്‍ കോടതിയെ സമീപിച്ചത്. ഈ ദമ്പതികളുടെ മക്കളില്‍ രണ്ടാമത്തെ ആണ്‍കുട്ടി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും (ADHD), സംസാരശേഷിക്കുറവുമുള്ള പ്രത്യേക പരിഗണന അര്‍ഹിക്കുന്ന (Special Needs) കുട്ടിയാണ്. തങ്ങളുടെ കാലശേഷം ഈ മകനെ സംരക്ഷിക്കാനും, കുടുംബപാരമ്പര്യം നിലനിര്‍ത്താനും ആരോഗ്യവാനായ ആണ്‍കുട്ടിയെ ദത്തെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ദമ്പതികള്‍ കോടതിയെ സമീപിച്ചത്.
കുട്ടിയെ ദത്തെടുക്കാന്‍ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ അവര്‍ ദത്തെടുക്കല്‍ ഏജന്‍സിയായ 'കാര' (CARA) പോര്‍ട്ടലില്‍ അപേക്ഷ നല്‍കി. എന്നാല്‍ നിലവിലെ നിയമപ്രകാരം, രണ്ട് കുട്ടികളുള്ള ദമ്പതികള്‍ക്ക് ഇനി ഒരു കുട്ടിയെ ദത്തെടുക്കണമെങ്കില്‍ 'പ്രത്യേക പരിഗണന അര്‍ഹിക്കുന്ന' (Special Needs) കുട്ടികളെയോ, അല്ലെങ്കില്‍ ദത്തെടുക്കാന്‍ ആരും വരാത്ത 'ഹാര്‍ഡ് ടു പ്ലേസ്' (Hard-to-place) വിഭാഗത്തില്‍പ്പെട്ട കുട്ടികളെയോ മാത്രമേ തിരഞ്ഞെടുക്കാന്‍ സാധിക്കൂ. ഇതോടെ രണ്ട് കുട്ടികളുള്ള ദമ്പതികള്‍ക്ക് ആരോഗ്യവാനായ ആണ്‍കുട്ടിയെ ദത്തെടുക്കാന്‍ അനുവാദം നല്‍കാത്ത 'അഡോപ്ഷന്‍ റെഗുലേഷന്‍സ് 2022'-ലെ സെക്ഷന്‍ 5(7) വകുപ്പ് ചോദ്യം ചെയ്താണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്
എന്നാല്‍ ദമ്പതികള്‍ ഇതിനായി നല്‍കിയ ഹര്‍ജിയിലെ വാചകങ്ങളാണ് കോടതിയെ ചൊടിപ്പിച്ചത്. കുടുംബ പാരമ്പര്യം നിലനിര്‍ത്താന്‍ ആണ്‍കുഞ്ഞിനെ വേണമെന്ന ആവശ്യമാണ് കോടതിയുടെ വിമര്‍ശനത്തിന് കാരണമായത്. കുടുംബ പാരമ്പര്യം നിലനിര്‍ത്താന്‍ ആണ്‍കുഞ്ഞ് തന്നെ വേണമെന്നുണ്ടോ എന്നായിരുന്നു വാദത്തിനിടെ കോടതിയുടെ ചോദ്യം. എന്തായാലും, ആണ്‍കുഞ്ഞിനെ ദത്തെടുക്കാന്‍ അനുവദിക്കണമെന്ന ദമ്പതികളുടെ ആവശ്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടക്കമുള്ള എതിര്‍കക്ഷികളോട് കോടതി നിലപാട് തേടി.
