എളുപ്പത്തില്‍ 12,000 സമ്പാദിക്കാം; മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമിലൂടെ സാമ്പത്തിക തട്ടിപ്പിന് ശ്രമം

എളുപ്പത്തില്‍ 12,000 സമ്പാദിക്കാം; മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പിന് ശ്രമം

Update: 2026-03-11 01:36 GMT

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം ഉപയോഗിച്ച് സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമിലൂടെ സാമ്പത്തിക തട്ടിപ്പിന് ശ്രമം. ഫോണ്‍പേ ആപ്പിന്റെ പേരില്‍ എളുപ്പത്തില്‍ 12,000 രൂപ സമ്പാദിക്കാമെന്ന് പേരിലാണ് തട്ടിപ്പ്. സൈബര്‍ പോലീസ് ഇതിനെതിരേ മുന്നറിയിപ്പുമായി രംഗത്തെത്തി. ഫെയ്‌സ്ബുക്കില്‍ മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് 'നിങ്ങളുടെ ഫോണില്‍ ഫോണ്‍പേ ആപ്പ് ഉണ്ടെങ്കില്‍ എളുപ്പത്തില്‍ 12,000 സമ്പാദിക്കാം' എന്ന തരത്തിലുള്ള വ്യാജസന്ദേശം പ്രചരിപ്പിച്ചാണ് തട്ടിപ്പ്. ബട്ടണില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഫോണില്‍ ഫോണ്‍പേ ആപ്പ് സ്വയം തുറക്കുകയും അവിടെ 1499 രൂപ എന്ന തുക കാണിക്കുകയും ചെയ്യും. തുക ലഭിക്കാനായി പിന്‍ നമ്പര്‍ നല്‍കുന്നതോടെ അക്കൗണ്ടില്‍നിന്ന് പണം നഷ്ടമാകും.

പണം ലഭിക്കുന്ന പേജ് അല്ല, മറിച്ച് പണം നല്‍കാനുള്ള പേമെന്റ് റിക്വസ്റ്റ് പേജാണ് ആപ്പില്‍ കാണിക്കുന്നത്. ഇത് മനസ്സിലാക്കാതെ പിന്‍ നമ്പര്‍ നല്‍കുമ്പോള്‍ തുക തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് കൈമാറും. യു.പി.ഐ. ആപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ പിന്‍ നല്‍കുന്നത് പണം സ്വീകരിക്കാനല്ല, പണം അയക്കാനാണെന്നത് ശ്രദ്ധിക്കണമെന്ന് സൈബര്‍ വിഭാഗം മുന്നറിയിപ്പുനല്‍കി. തട്ടിപ്പിന് ഇരയായാല്‍ 1930 എന്ന ഹെല്‍പ്ലൈന്‍ നമ്പറിലോ ദേശീയ സൈബര്‍ ക്രൈം പോര്‍ട്ടലായ https://cybercrime.gov.in-ലൂടെയോ പരാതി നല്‍കാം.

Tags:    

Similar News