അനധികൃതമായി ചന്ദനം കടത്തി; 55 വർഷമായി ഒളിവിൽ; പ്രതി മലപ്പുറത്ത് പിടിയിൽ

Update: 2025-09-21 15:03 GMT

മംഗളൂരു: ചന്ദനക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഒളിവിൽ പോയ പ്രതിയെ 55 വർഷങ്ങൾക്ക് ശേഷം ദക്ഷിണ കന്നഡ പോലീസ് മലപ്പുറത്തു നിന്ന് അറസ്റ്റ് ചെയ്തു. 78-കാരനായ മലപ്പുറം സ്വദേശി സി.ആർ. ചന്ദ്രനാണ് പിടിയിലായത്.

1970 ജൂലൈ 26-നാണ് ഇയാൾ അനധികൃതമായി ചന്ദനം കടത്തിയതായി കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ചന്ദനമോഷണവുമായി ബന്ധപ്പെട്ട് പുത്തൂർ റൂറൽ പോലീസ് സ്റ്റേഷനിലാണ് അന്ന് കേസ് റജിസ്റ്റർ ചെയ്തത്. 1969-ലെ മൈസൂർ ഫോറസ്റ്റ് ചട്ടങ്ങളിലെ 154, 155(2) വകുപ്പുകൾ, മൈസൂർ ഫോറസ്റ്റ് നിയമത്തിലെ 86-ാം വകുപ്പ് എന്നിവ പ്രകാരമായിരുന്നു കേസ്.

കേസ് രജിസ്റ്റർ ചെയ്ത ശേഷം കോടതിയിൽ ഹാജരാകാതിരുന്ന പ്രതിക്കെതിരെ വാറന്റ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് ഇയാൾക്കായി പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഒടുവിൽ, രാമനാട്ടുകരയ്ക്കു സമീപമുള്ള പുളിക്കലിൽ വെച്ചാണ് പോലീസിന് ഇയാളെക്കുറിച്ച് വിവരം ലഭിക്കുകയും തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

Tags:    

Similar News