'എനിക്കും വേണം ഖാദി 'എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം; ഖാദി തൊഴിലാളി കുടിശിക ഓണത്തിന് മുമ്പ് വിതരണം ചെയ്യുമെന്ന് മന്ത്രി പി രാജീവ്

Update: 2025-08-09 10:48 GMT

കൊച്ചി: ഖാദി തൊഴിലാളികളുടെ കുടിശിക ഓണത്തിന് മുമ്പ് പരമാവധി വിതരണം ചെയ്യുമെന്ന് വ്യവസായ നിയമ കയര്‍ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. കലൂര്‍ ഖാദി ടവറില്‍ നടന്ന ഓണം ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 'എനിക്കും വേണം ഖാദി 'എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. വര്‍ണ്ണശഭളമായ ഡിസൈനില്‍ ഇപ്പോള്‍ ഖാദി ലഭ്യമാണ്. ഫാഷന്‍ ഡിസൈനേഴ്‌സിന്റെയും ഇന്‍സ്റ്റിറ്റ്യൂട്ടുകളും ഖാദിയുമായി സഹകരിക്കുന്നുണ്ട് കരുമാല്ലൂരില്‍ ഖാദി ഉത്പാദന കേന്ദ്രത്തിന്റെ വികസനത്തിന് ആസ്തി വികസന ഫണ്ടില്‍ നിന്നും ഒരു കോടി അനുവദിച്ചിരുന്നു. കരുമാല്ലൂര്‍

ഖാദി സില്‍ക്ക് സാരി ഈ മാസം 19 ന് സെന്റ് തെരേസസ് കോളേജില്‍ നടത്തുന്ന ചടങ്ങില്‍ വിപണിയില്‍ ലഭ്യമാകും. കുന്നുകര ഖാദി റെഡിമെയ്ഡ് യൂണിറ്റില്‍ ഉല്പാദിപ്പിക്കുന്ന വസ്ത്രങ്ങള്‍ പാപ്പിലിയോ എന്ന പേരില്‍ വിപണിയില്‍ ഇറക്കിയിട്ടുണ്ട്. ഈ വര്‍ഷത്തെ ഖാദി മേളയിലൂടെ മികച്ച സമ്മാനങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലും ഖാദി മികവിനായി മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. കഴിഞ്ഞവര്‍ഷം നടത്തിയ ഖാദി മേളയിലൂടെ 10 ലക്ഷത്തിന്റെ വില്പനയാണ് നടത്തിയത്. ഖാദി സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ പ്രതീകമാണ്. അതിനെ ശക്തിപ്പെടുത്തി മുന്നോട്ടു കൊണ്ടുപോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രതിബന്ധങ്ങളും പ്രതിസന്ധികളും ഉണ്ടെങ്കിലും ഈ മേഖല സംരക്ഷിക്കണം എന്നതാണ് സര്‍ക്കാര്‍ കാഴ്ചപ്പാട് എന്നും മന്ത്രി പറഞ്ഞു.

ടി ജെ വിനോദ് എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്‍ ആദ്യ വില്പന നടത്തി. കേരള ഖാദിഗ്രാമ വ്യവസായ ബോര്‍ഡ് മെമ്പര്‍ കെ ചന്ദ്രശേഖരന്‍ സമ്മാനകൂപ്പണ്‍ വിതരണം നടത്തി. ഖാദിഗ്രാമ വ്യവസായ ബോര്‍ഡ് സെക്രട്ടറി ഡോ കെ എ രതീഷ്, മെമ്പര്‍ കമല സദാനന്ദന്‍, ജില്ലാ പ്രൊജക്റ്റ് ഓഫീസര്‍ എസ് ഷിഹാബുദ്ധന്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, വിവിധ സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Similar News