ചിറ്റൂര്‍ പുഴയിലെ കോസ് വേയുടെ ഓവിനുള്ളില്‍ കുടുങ്ങി; ഒരു വിദ്യാര്‍ഥി മരിച്ചു; കാണാതായ ആള്‍ക്കായി തിരച്ചില്‍

ചിറ്റൂര്‍ പുഴയിലെ കോസ് വേയുടെ ഓവിനുള്ളില്‍ കുടുങ്ങി; ഒരു വിദ്യാര്‍ഥി മരിച്ചു

Update: 2025-08-09 11:19 GMT

പാലക്കാട്: ചിറ്റൂര്‍ പുഴയിലെ ഷണ്‍മുഖം കോസ് വേയില്‍ ഓവിനുള്ളില്‍ കുടുങ്ങി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. കോയമ്പത്തൂരില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥി സംഘത്തിലെ രാമേശ്വരം സ്വദേശി ശ്രീ ഗൗതമാണ് മരിച്ചത്. പുഴയില്‍ കാണാതായ നെയ്വേലി സ്വദേശി അരുണിനായി തിരച്ചില്‍ തുടരുന്നു. ശ്രീഗൗതമിനെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കാണാതായ അരുണിനുവേണ്ടി ഓവിന്റെ ഉള്ളിലേക്ക് സ്‌കൂബ സംഘം ഇറങ്ങി പരിശോധന നടത്തുന്നുണ്ട്. യുവാക്കള്‍ ചുഴിയില്‍പ്പെട്ട് ഓവുചാലിലേക്ക് വീഴുകയായിരുന്നു. ശക്തമായ ഒഴുക്ക് ഈ ഭാഗത്തുണ്ട്. ഇത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. ചിറ്റൂരില്‍നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘവും പോലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. ഇതിന് പിന്നാലെയാണ് സ്‌കൂബാ സംഘവും പരിശോധനയ്ക്ക് ഇറങ്ങിയത്.

പത്തംഗ വിദ്യാര്‍ഥിസംഘമാണ് കോയമ്പത്തൂരില്‍നിന്ന് ഇവിടെ എത്തിയത്. പ്രദേശത്തെക്കുറിച്ച് ഇവര്‍ക്ക് അധികം ധാരണ ഉണ്ടായിരുന്നില്ല. ഇനി കണ്ടെത്താനുള്ള അരുണ്‍ ശക്തമായ ഒഴുക്ക് ഉള്ളതുകൊണ്ട് ഓവില്‍ കൂടി ഒഴുകി മറുവശത്ത് എത്തിയിട്ടുണ്ടോ എന്ന് സംശയിക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ മറുഭാഗത്തും പരിശോധന പുരോഗമിക്കുന്നുണ്ട്. ഇവിടെ ഒഴുക്ക് ശക്തമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. അന്യസംസ്ഥാനങ്ങളില്‍ നിന്ന് നിരവധിയാളുകളാണ് അവധി ദിവസം ആഘോഷിക്കാനായി ഇവിടേക്ക് വരുന്നത്. ഇതിനുമുന്‍പും ഇവിടെ അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.

Similar News