സഹോദരിയുടെ മരണ ദിവസം വീട്ടിലെത്തിയ ബന്ധു പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു; 27കാരനായ പ്രതിക്ക് അഞ്ച് വര്‍ഷം കഠിന തടവും 30,000 പിഴയും

Update: 2025-08-09 12:02 GMT

തിരുവനന്തപുരം: സഹോദരിയുടെ മരണ ദിവസം വീട്ടിലെത്തി പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബന്ധുവായ പ്രതിക്ക് അഞ്ച് വര്‍ഷം കഠിന തടവും 30,000 രൂപ പിഴയും. കീഴാറൂര്‍ മൈലച്ചല്‍ കൈതക്കുഴി വെട്ടുകോണം കിഴക്കിന്‍കര പുത്തന്‍വീട്ടില്‍ അജിത്തിനെയാണ് (ചിക്കു-27) കാട്ടാക്കട അതിവേഗ പോക്‌സോ കോടതി ജഡ്ജി എസ്.രമേഷ് കുമാര്‍ ശിക്ഷിച്ചത്. 2024 ഫെബ്രുവരി 13നായിരുന്നു കേസിനാസ്പദമായ സംഭവം.

പിഴത്തുക അതിജീവിതനായ കുട്ടിക്ക് നല്‍കാനും, പിഴയൊടുക്കിയില്ലെങ്കില്‍ മൂന്ന് മാസം അധിക കഠിന തടവ് കൂടി അനുഭവിക്കണമെന്നും വിധിയില്‍ പറയുന്നു. കുട്ടിയുടെ സഹോദരി മരിച്ച ദിവസമായിരുന്നു ക്രൂരത. ബന്ധുവായ പ്രതിയും മരണ വീട്ടിലെത്തിയിരുന്നു. രാത്രിയോടെ പ്രതി കുട്ടിയെ ഉറക്കാനെന്ന വ്യാജേന അടുത്ത മുറിയില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞ് ശരീര ഭാഗങ്ങളില്‍ അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ മാതാവ് മലയിന്‍കീഴ് ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിച്ചപ്പോഴാണ് പീഡന വിവരമറിയുന്നത്.

തുടര്‍ന്ന് ഡോക്ടര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.അന്നത്തെ മലയിന്‍കീഴ് സബ് ഇന്‍സ്‌പെക്ടര്‍ പി.ആര്‍.രാഹുലാണ് കേസന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം നല്‍കിയത്. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 15 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഡി.ആര്‍. പ്രമോദ് ഹാജരായി.

Similar News