താരാരാധനയുടെ പേരില്‍ തര്‍ക്കം; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മോര്‍ഫ് ചെയ്ത നഗ്ന ചിത്രം പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍: മുംബൈ സ്വദേശിയായ പ്രതിയെ മുംബൈയിലെത്തി പിടികൂടി കാസര്‍കോട് സൈബര്‍ പൊലീസ്
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മോര്‍ഫ് ചെയ്ത നഗ്ന ചിത്രം പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍
കാസര്‍കോട്: താരാരാധനയുടെ പേരിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന്, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. മുംബൈ സ്വദേശിയായ യുവാവിനെയാണ്കാസര്‍കോട് സൈബര്‍ പൊലീസ് മുംബൈയില്‍നിന്ന് അറസ്റ്റ് ചെയ്തത്. താരാരാധനയുടെ പേരില്‍ സമൂഹമാധ്യമത്തിലൂടെയുള്ള തര്‍ക്കം ശക്തമായതിനെത്തുടര്‍ന്ന്, യുവാവിന്റെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയുടെ നഗ്‌നചിത്രം മോര്‍ഫ് ചെയ്തു സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുക ആിരുന്നു.
സമൂഹമാധ്യമത്തില്‍ വ്യാജ അക്കൗണ്ട് തുടങ്ങി നഗ്ന ചിത്രം പ്രചരിപ്പിച്ച മുംബൈ സ്വദേശിയായ അംജദ് ഇസ്ലാം(19) ആണ് അറസ്റ്റിലായത്. അക്കൗണ്ട് ഉടമ മുംബൈ സ്വദേശിയാണെന്നു മനസ്സിലാക്കി അവിടെയെത്തിയ പൊലീസ് സംഘം അഞ്ച് ദിവസത്തെ തിരച്ചിലിനൊടുവിലാണു പ്രതിയെ പിടികൂടിയത്. പോക്‌സോ, ഐടി ആക്ടുകള്‍ പ്രകാരമായിരുന്നു കേസ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ജില്ലാ പൊലീസ് മേധാവി ബി.വി.വിജയ ഭരത് റെഡ്ഡിയുടെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. ഇന്‍സ്‌പെക്ടര്‍ യു.പി.വിപിന്റെ നേതൃത്വത്തില്‍ എസ്‌ഐ രവീന്ദ്രന്‍ മടിക്കൈ, എഎസ്‌ഐ പി.രഞ്ജിത് കുമാര്‍, എസ് സിപിഒമാരായ സവാദ് അഷ്റഫ്, ടി.വി.സുരേഷ്, സിപിഒ കെ.വി.ഹരിപ്രസാദ് എന്നിവരാണ് കേസ് അന്വേഷിച്ചത്.