ഭൂമി പണയപ്പെടുത്തി വാങ്ങിയ വായ്പ തിരിച്ചടക്കാതെ തട്ടിപ്പ്; മാള സഹകരണ ബാങ്കില്‍ നിന്നും തട്ടിയെടുത്തത് പത്ത് കോടിയിലധികം രൂപ; കേസില്‍ കോണ്‍ഗ്രസ് നേതാവുള്‍പ്പെടെ 21 പ്രതികള്‍

കോണ്‍ഗ്രസ് നേതാവുള്‍പ്പെടെ 21 പ്രതികള്‍

Update: 2025-08-10 12:15 GMT

മാള: കുരുവിലശേരി സര്‍വിസ് സഹകരണ ബാങ്കില്‍ പത്ത് കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ 21 പേരെ പ്രതി ചേര്‍ത്ത് പൊലീസ് കേസെടുത്തു. ബാങ്കിലെ മുന്‍ പ്രസിഡന്റിനും ഡയറക്ടര്‍ ബോര്‍ഡിലെ 20 അംഗങ്ങള്‍ക്കുമെതിരെയാണ് കേസ്. 2006 ഒക്ടോബര്‍ മുതല്‍ 2024 വരെ ഭരണസമിതി അംഗങ്ങള്‍ ക്രമക്കേട് നടത്തി ബാങ്കില്‍ നിന്ന് ഭൂമി പണയപ്പെടുത്തി 10,07,69,991 രൂപ വായ്പയായി വാങ്ങിയിരുന്നു. ഇത് തിരിച്ചടയ്ക്കാതെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്.

വിലയില്ലാത്ത ഭൂമികള്‍ ക്രമക്കേട് നടത്തി ബാങ്കില്‍ പണയപ്പെടുത്തി വായ്പ വാങ്ങുകയും തിരിച്ചടയ്ക്കാതെ തട്ടിപ്പ് നടത്തുകയാണ് ചെയ്തത്. മാള പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സഹകരണ സംഘം ജോയന്റ് റജിസ്ട്രാറിന്റെ (ജനറല്‍) പരാതിയില്‍ മാള പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞ ദിവസമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബാങ്ക് മുന്‍ പ്രസിഡന്റ് കുരുവിലശേരി വില്ലേജ് വലിയപറമ്പ് അതിയാരത്ത് വീട്ടില്‍ രാധാകൃഷ്ണന്‍, ഡയറക്ടര്‍ ബോര്‍ഡിലെ അബ്ദുല്ലക്കുട്ടി, ബിന്ദു പ്രദീപ്, ജയ്‌സണ്‍ വര്‍ഗീസ്, ജിമ്മി ജോയ്, ജോഷി പെരേപ്പാടന്‍, ടി.പി. കൃഷ്ണന്‍കുട്ടി, നിയാസ്, പി.സി. ഗോപി, പി.കെ. ഗോപി, പോള്‍സണ്‍ ഓളാട്ടുപുറം, പ്രീജ ഉണ്ണികൃഷ്ണന്‍, ഷിന്റോ എടാട്ടുകാരന്‍, സിന്ധു അശോകന്‍, തോമസ് പഞ്ഞിക്കാരന്‍, വിജയ കുറുപ്പ്, വിത്സന്‍ കാഞ്ഞൂത്തറ, ബൈജു വാണിയംപള്ളി, പി.ഐ. ജോര്‍ജ്, എം.ജെ. ജോയ്, സെന്‍സന്‍ എന്നീ 21 പേരാണ് പ്രതി പട്ടികയിലുള്ളത്.

മാള കോപ്പറേറ്റീവ് ബാങ്ക് കാലങ്ങളായി കോണ്‍ഗ്രസ്സ് നേതൃത്വത്തിലുള്ള ഭരണ സമിതിയാണ് ഭരിക്കുന്നത്. ക്രമക്കേടുകള്‍ സംബന്ധിച്ച് നേരത്തെ വിജിലന്‍സ് അന്വേഷണവും നടന്നിരുന്നു. നിക്ഷേപകര്‍ക്ക് നിലവില്‍ പണം കിട്ടുന്നില്ലെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. ഇരിങ്ങാലക്കുട ഡിവൈഎസ്പി സുരേഷ് കെ ജി, മാള പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സജിന്‍ ശശി വിയും സംഘവുമാണ് കേസ് അന്വേഷിക്കുന്നത്.

Similar News