ഓണവിപണി ഉയരും മുന്നേ കുതിച്ചുയര്‍ന്ന് പൂവില; ബന്ദി പൂ വിലയില്‍ ഇരട്ടിയിലധികം വര്‍ദ്ധനവ്
ഓണവിപണി ഉയരും മുന്നേ കുതിച്ചുയര്‍ന്ന് പൂവില; ബന്ദി പൂ വിലയില്‍ ഇരട്ടിയിലധികം വര്‍ദ്ധനവ്
തിരുവല്ല: സംസ്ഥാനത്ത് ഓണവിപണി സജീവമാകുന്നതിനുമുമ്പേ പൂവില കുതിച്ചുതുടങ്ങി. അത്തപ്പൂക്കളത്തിലെ പ്രധാന പൂവായ ബന്ദി ഇനങ്ങള്‍ക്ക് ഒരാഴ്ചയ്ക്കിടെ ഇരട്ടി വിലയായി. കഴിഞ്ഞയാഴ്ച കിലോയ്ക്ക് 60 മുതല്‍ 80 രൂപവരെ നിരക്കില്‍ മധ്യകേരളത്തില്‍ വിറ്റിരുന്ന ബന്ദിപ്പൂവിന് ഇപ്പോള്‍ 150 രൂപയാണ് ശരാശരിവില.
100 രൂപ വിലയുണ്ടായിരുന്ന നന്ദ്യാര്‍വട്ടത്തിനും റോസാപ്പൂവിനും യഥാക്രമം 300-ഉം 200-ഉം രൂപയായി. മുല്ലപ്പൂവിന് ഇപ്പോള്‍ 350 രൂപയാണ് വില. ചിങ്ങമാകുന്നതോടെ ഇനിയും കൂടിയേക്കാമെന്ന് കച്ചവടക്കാര്‍ പറയുന്നു. ബെംഗളൂരു മേഖലയില്‍നിന്നാണ് കൂടുതല്‍ പൂക്കള്‍ എത്തിക്കുന്നത്. അത്തപ്പൂക്കളം ഇട്ടുതുടങ്ങാന്‍ ഇനി 15 നാള്‍കൂടിയുണ്ട്. വാടാമുല്ലപ്പൂക്കള്‍ മാര്‍ക്കറ്റില്‍ വന്നുതുടങ്ങിയിട്ടില്ല. അത്താഘോഷം തുടങ്ങുന്നതോടെ വാടാമുല്ലയുമെത്തും.
2024ല്‍ ഓണക്കാലത്ത് 150 രൂപയായിരുന്നു വാടാമുല്ലയുടെ ശരാശരിവില. ഇത്തവണ 50 രൂപയെങ്കിലും കൂടുമെന്ന് മൊത്തക്കച്ചവടക്കാര്‍ പറയുന്നു. ജമന്തിപ്പൂവിന് 300-350 ആണ് ഇപ്പോഴത്തെ വില. കേരളത്തില്‍ അത്താഘോഷം തുടങ്ങുന്നതിനൊപ്പം വിനായകചതുര്‍ഥികൂടി വരുന്നതോടെ പൂവില ഉയരും. ചിങ്ങം ഒന്നുമുതല്‍ വിവാഹം, ഗൃഹപ്രവേശം അടക്കമുള്ള മുഹൂര്‍ത്തങ്ങള്‍ മിക്ക ദിവസവുമുണ്ട്.