റൂട്ട് കനാല്‍ ചെയ്യാന്‍ താലൂക്ക് ആശുപത്രിയിലെത്തി; രണ്ടാം ഘട്ടത്തിന് തന്റെ സ്വകാര്യ ക്ലിനിക്കിലെത്താന്‍ നിര്‍ദേശിച്ച് ഡോക്ടര്‍: മലപ്പുറം വണ്ടൂര്‍ താലൂക്ക് ആശുപത്രിയിലെ ദന്തഡോക്ടര്‍ക്കെതിരെ അന്വേഷണം
മലപ്പുറം വണ്ടൂര്‍ താലൂക്ക് ആശുപത്രിയിലെ ദന്തഡോക്ടര്‍ക്കെതിരെ അന്വേഷണം
മലപ്പുറം: വണ്ടൂര്‍ താലൂക്ക് ആശുപത്രിയിലെ ദന്തഡോക്ടര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം. താലൂക്ക് ആശുപത്രിയിലെ ദന്തരോഗവിഭാഗത്തിലെത്തുന്ന രോഗികളുടെ തുടര്‍ചികിത്സ അവിടെ നടത്താതെ ഡോക്ടറുടെ സ്വകാര്യ ക്ലിനിക്കില്‍ പണംവാങ്ങി ചെയ്യുന്നൂവെന്ന പരാതിയിലാണ് പരിശോധന. ഡോക്ടറുടെ സ്വകാര്യക്ലിനിക്കില്‍ എത്തിയ വിജിലന്‍സ് സംഘം പരിശോധന നടത്തി. ദന്തരോഗവിഭാഗത്തിലെ ഡോ. നൗഷാം നടത്തുന്ന ക്ലിനിക്കിലാണ് വിജിലന്‍സ് മലപ്പുറം യൂണിറ്റിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.
റൂട്ട് കനാലിന്റെ ഒന്നാംഘട്ടം ആശുപത്രിയില്‍ ചെയ്തശേഷം ബാക്കി ചെയ്യാന്‍ രോഗികളോട് തന്റെ ക്ലിനിക്കിലെത്താന്‍ നിര്‍ദ്ദേശിക്കുന്നൂവെന്നായിരുന്നു ഡോക്ടര്‍ക്കെതിരെയുള്ള പ്രധാന പരാതി. വിജിലന്‍സ് ഡയറക്ടര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ മലപ്പുറം യൂണിറ്റ് ഉദ്യോഗസ്ഥര്‍ ഡോക്ടറെ നിരീക്ഷിച്ചുവരികയായിരുന്നു. ഇതിനിടെ രോഗിയായിച്ചമഞ്ഞും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഡോക്ടര്‍ക്ക് മുന്‍പിലെത്തി. പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതോടെയാണ് പരിശോധന നടത്തിയത്.
ഡോക്ടറുടെ സ്വാകര്യ ക്ലിനിക്കില്‍ വെള്ളിയാഴ്ച വൈകീട്ട് പരിശോധനയ്ക്കിടെ റൂട്ട് കനാല്‍ ചികിത്സയ്ക്കെത്തിയ ഒരു സ്ത്രീയുടെ കൈയില്‍ താലൂക്ക് ആശുപത്രിയിലെ ഒപി ശീട്ടാണ് ഉണ്ടായിരുന്നത്. ഇത് വിജിലന്‍സ് കസ്റ്റഡിയിലെടുത്തു. ഡോക്ടറുടെയും രോഗിയുടെയും മൊഴി രേഖപ്പെടുത്തി. ഗുരുവായൂര്‍ സ്വദേശിയായ ഡോ. നൗഷാം 2022 ഡിസംബര്‍ മുതല്‍ വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തിച്ചുവരികയാണ്.
വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ മലപ്പുറം യൂണിറ്റ് ഡിവൈഎസ്പി എം. ഗംഗാധരന്റെ നേതൃത്വത്തില്‍ എസ്ഐ എം. സതീഷ്‌കുമാര്‍, എഎസ്ഐ കെ.പി. വിജയകുമാര്‍, എസ് സിപിഒ കെ.എം. രാജീവ്, അബ്ദുല്‍ജലീല്‍, സിപിഒ സുബിന്‍, മലപ്പുറം ആയുര്‍വേദ ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. നൗഫല്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.