പനാമ പതാക വഹിക്കുന്ന സിആര്‍ തെത്തിസ് നീണ്ടകരയില്‍ നിന്നുള്ള നിസ്നിയ എന്ന ബോട്ടില്‍ ഇടിച്ചു; ഓയില്‍ കെമിക്കല്‍ ടാങ്കര്‍ കപ്പല്‍ നിര്‍ത്തിയില്ല; കേസെടുത്ത് കൊച്ചി കോസ്റ്റല്‍ പോലീസ്
കൊച്ചി: കൊച്ചി പുറംകടലില്‍ മത്സ്യബന്ധന ബോട്ടില്‍ ഇടിച്ച് നിര്‍ത്താതെ പോയ കപ്പലിനെതിരേ കേസെടുത്ത് ഫോര്‍ട്ട് കൊച്ചി കോസ്റ്റല്‍ പോലീസ്. ഭാരതീയ ന്യായ സംഹിതയിലെ 282, 125 (എ) വകുപ്പുകള്‍ പ്രകാരമാണ് കേസ്. മനുഷ്യജീവന് ആപത്തുണ്ടാക്കുന്ന വിധത്തിലാണ് ക്യാപ്റ്റന്‍ കപ്പല്‍ ഓടിച്ചതെന്ന് എഫ്‌ഐആറില്‍ പറയുന്നു. ബോട്ട് ഉടമയ്ക്ക് ഏകദേശം 30 ലക്ഷത്തോളം രൂപ നഷ്ടം സംഭവിച്ചതായും എഫ്‌ഐആറില്‍ ചൂണ്ടിക്കാട്ടുന്നു. സംഭവത്തില്‍ ഡിജി ഷിപ്പിംഗ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
കൊച്ചിയിലെ പുറംകടലില്‍ വ്യാഴാഴ്ചയാണ് അപകടം നടന്നത്. പനാമ പതാക വഹിക്കുന്ന സിആര്‍ തെത്തിസ് എന്ന ഓയില്‍ കെമിക്കല്‍ ടാങ്കറാണ് നീണ്ടകരയില്‍ നിന്നുള്ള നിസ്നിയ എന്ന ബോട്ടില്‍ ഇടിച്ചത്. അപകടത്തെ തുടര്‍ന്ന് ബോട്ടിന്റെ പിന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. 12 മത്സ്യബന്ധനതൊഴിലാളികളാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ആറുപേര്‍ കടലില്‍ വീഴുകയും ബോട്ടിലുണ്ടായിരുന്ന ബാക്കിയുള്ളവര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തു.