വീഥികളെ അമ്പാടിയാക്കി ഉണ്ണിക്കണ്ണന്മാരും രാധമാരും; ദൃശ്യവിരുന്നൊരുക്കി ശോഭായാത്രകൾ; പരിപാടികൾക്ക് മിഴിവേകി താളമേളങ്ങളും സംഘനൃത്തങ്ങളും; കണ്ണൻ ലീലകൾ കാണാൻ പാതയോരങ്ങളിൽ കാത്തുനിന്നത് ആയിരങ്ങൾ

Update: 2025-09-14 13:50 GMT

തിരുവനന്തപുരം: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനമെങ്ങും വർണ്ണാഭമായ ശോഭായാത്രകൾ നടന്നു. ഉണ്ണിക്കണ്ണന്മാരും രാധമാരും ഗോപികമാരും അണിനിരന്ന ഘോഷയാത്രകൾ വീഥികളെ അമ്പാടിയാക്കി. ആയിരക്കണക്കിന് ആളുകളാണ് വിവിധ സ്ഥലങ്ങളിൽ പാതയോരങ്ങളിൽ തടിച്ചുകൂടി കുട്ടികളുടെ കലാപരിപാടികളും നിശ്ചലദൃശ്യങ്ങളും കണ്ടത്.

ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തൊട്ടാകെ നടന്ന നൂറുകണക്കിന് ശോഭായാത്രകൾ നാടിന് ദൃശ്യവിരുന്നൊരുക്കി. കുട്ടികൾ ഉണ്ണിക്കണ്ണന്റെയും രാധയുടെയും വേഷം ധരിച്ചും, ഗോപികാനൃത്തം അവതരിപ്പിച്ചും, ഉറിയടിയും ഉൾപ്പെടെയുള്ള പരിപാടികളോടെയാണ് ഘോഷയാത്രകൾ സംഘടിപ്പിച്ചത് . താളമേളങ്ങളും സംഘനൃത്തങ്ങളും പരിപാടികൾക്ക് മിഴിവേകി.

മഴ മാറിയ കാലാവസ്ഥ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. വൈകുന്നേരം അഞ്ചുമണിയോടെയാണ് മിക്കയിടത്തും ഘോഷയാത്രകൾക്ക് തുടക്കമായത്. ചിലയിടങ്ങളിൽ വിവിധ ശോഭായാത്രകൾ ഒരുമിച്ച് ചേർന്ന് മഹാശോഭായാത്രയായി മാറി. പ്രധാന നഗരങ്ങളിൽ ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ജയന്തിക്ക് വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

രാവിലെ മുതൽ ഉണ്ണിക്കണ്ണന്റെയും രാധയുടെയും വേഷം ധരിച്ച കുട്ടികൾ ക്ഷേത്രത്തിൽ എത്തിയിരുന്നു. ഇന്നത്തെ ദർശനത്തിനായി ഇന്നലെ വൈകുന്നേരം മുതൽ ഭക്തർ വരിനിന്നിരുന്നു. ഗുരുവായൂരിൽ 40,000 പേർക്കുള്ള പിറന്നാൾ സദ്യ ഒരുക്കിയിട്ടുണ്ട്. 'ഗ്രാമം തണലൊരുക്കട്ടെ, ബാല്യം സഫലമാകട്ടെ' എന്ന സന്ദേശത്തോടെയാണ് ബാലഗോകുലം ഇത്തവണ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്ക് നേതൃത്വം നൽകിയത്. വിവിധ ജില്ലകളിൽ നടന്ന ആഘോഷങ്ങൾ നാടിന്റെ സാംസ്കാരിക ഐക്യത്തിനും ഉണർവിനും ഊന്നൽ നൽകി.

Tags:    

Similar News