ലോജിസ്റ്റിക് ഓഹരിയുടെ പേരിൽ ഡോക്ടർ ദമ്പതികളിൽ നിന്ന് തട്ടിയത് കോടികൾ; പുതുപ്പള്ളിക്കാരൻ സോനു ജയചന്ദ്രൻ വലയിലായത് എമിഗ്രേഷൻ പരിശോധനയിൽ; മുംബൈയിലും വ്യാജരേഖ ചമച്ചതിനും കേസ്

Update: 2026-03-01 12:58 GMT

കൊച്ചി: ലോജിസ്റ്റിക് കമ്പനിയിൽ ഓഹരി നൽകാമെന്ന് വിശ്വസിപ്പിച്ച് ഡോക്ടർ ദമ്പതികളിൽനിന്ന് 2.29 കോടി രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി പിടിയിൽ. കായംകുളം പുതുപ്പള്ളി സ്വദേശി സോനു ജയചന്ദ്രനെയാണ് (32) എറണാകുളം സിറ്റി ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്. തട്ടിപ്പിന് ശേഷം വിദേശത്തേക്ക് കടന്ന ഇയാൾക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു.

കഴിഞ്ഞ 26-ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ സോനുവിനെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞുവെച്ച് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. കളമശ്ശേരി പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. പ്രതിക്കെതിരെ മുംബൈയിൽ സമാനമായ കേസും അറസ്റ്റ് വാറന്റും നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. ജാമ്യം ലഭിക്കാനായി വ്യാജരേഖകൾ ചമച്ചതിന് എറണാകുളം സെൻട്രൽ സ്റ്റേഷനിലും ഇയാൾക്കെതിരെ കേസുണ്ട്.

നിലവിൽ കരൾരോഗത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് പ്രതി. ഇതേ ആശുപത്രിയിൽ മുൻപ് ജോലി ചെയ്തിരുന്ന ഡോക്ടർ ദമ്പതികളെയാണ് സോനുവും സംഘവും ചേർന്ന് കബളിപ്പിച്ചത്. ദമ്പതികളുടെ പരാതിയിൽ സോനു ഉൾപ്പെടെ 12 പേരെയാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി തുടർനടപടികൾ സ്വീകരിക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.

Tags:    

Similar News