മാനവീയം വീഥിയില്‍ ആളുകള്‍ക്കിടയില്‍ കിടന്ന് അടികൂടി യുവാവും യുവതിയും; യുവാവിനെ നിലത്തിട്ടിടിച്ച് യുവതി: കേസെടുത്ത് പോലിസ്
മാനവീയം വീഥിയില്‍ ആളുകള്‍ക്കിടയില്‍ കിടന്ന് അടികൂടി യുവാവും യുവതിയും
തിരുവനന്തപുരം: മാനവീയം വീഥിയില്‍ ആളുകള്‍ക്കിടയില്‍ കിടന്ന് അടികൂടി യുവതിയും ആണ്‍സുഹൃത്തും. ഇരുവരും തമ്മിലുണ്ടായ തര്‍ക്കം അടിപിടിയില്‍ കലാശിക്കുക ആയിരുന്നു. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. വഴിയിലും ആള്‍ക്കാര്‍ക്കിടയിലും കിടന്നുള്ള അടിപിടിയുടെ ദൃശ്യങ്ങള്‍ സമൂഹ്യമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ഇരുവരും ലഹരിയുടെ പിടിയിലായിരുന്നെന്നാണ് റിപ്പോര്‍ട്ട്. യുവാവ് പെണ്‍കുട്ടിയുടെ അടികൊണ്ട് വീണതോടെ എഴുന്നേറ്റ് ഇടിക്കെടായെന്ന് സമീപത്തുള്ളവര്‍ പറയുന്നതടക്കം ദൃശ്യങ്ങളിലുണ്ട്. ഒപ്പം നില്‍ക്കുന്നവര്‍ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നതും യുവതി അതിനനുസരിച്ച് മര്‍ദിക്കുന്നതും കാണാം. രണ്ടു പേരും പരാതിപ്പെട്ടിട്ടില്ലെങ്കിലും പോലിസ് ഇരുവര്‍ക്കുമെതിരെ സ്വമേധയാ കേസെടുത്തു.
തിരുവനന്തപുരം സ്വദേശിയായ ഹോട്ടല്‍ ജീവനക്കാരിയും സുഹൃത്തും തമ്മിലാണ് തര്‍ക്കമുണ്ടായത്. സംഭവത്തിന് പിന്നാലെ പൊലീസ് ഇവരോട് കാര്യങ്ങള്‍ അന്വേഷിച്ചെങ്കിലും പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും തമാശയ്ക്ക് ചെയ്താണെന്നാണ് മറുപടി നല്‍കിയത്. അതേസമയം, ലഹരി ഉപയോഗിച്ച് പൊതു സ്ഥലത്ത് തമ്മില്‍ തല്ലിയ ഇരുവരുടെയും പേരില്‍ കേസെടുക്കാനാണ് പൊലീസ് തീരുമാനം. ഇരുവര്‍ക്കുമെതിരെ കേസെടുക്കുമെന്ന് മ്യൂസിയം പൊലീസ് അറിയിച്ചു.
'നൈറ്റ് ലൈഫ്' തെരുവായ മാനവീയത്തില്‍ സാധാരണ രാത്രികാലങ്ങളില്‍ സംഗീത പരിപാടികളും തെരുവുനാടകങ്ങളുമുണ്ടാകാറുണ്ട്. ഔദ്യോഗികമായി നൈറ്റ് ലൈഫ് ആരംഭിച്ചതിനുശേഷം പലപ്പോഴായി ചെറുതും വലുതുമായ സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടുണ്ട്. മദ്യപാനവും തര്‍ക്കങ്ങളും മൂലം ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന് പൊലീസ് ഇവിടെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.