ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ റീല്‍സ് ചിത്രീകരണം; ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്; ഇന്‍ഫ്ളുവന്‍സര്‍ ജാസ്മിന്‍ ജാഫറിനെതിരെ പരാതി നല്‍കി ഗുരുവായൂര്‍ ദേവസ്വം

Update: 2025-08-23 05:21 GMT

ഗുരുവായൂര്‍: ഹൈക്കോടതിയുടെ നിരോധനം മറികടന്നു ഗുരുവായൂര്‍ ക്ഷേത്രക്കുളത്തിലും നടപ്പുരയിലും റീല്‍സ് ചിത്രീകരിച്ച ഫാഷന്‍ ഇന്‍ഫ്ളുവന്‍സറും റിയാലിറ്റി ഷോയിലെ മത്സരാര്‍ഥിയുമായിരുന്ന ജാസ്മിന്‍ ജാഫറിനെതിരെ ഗുരുവായൂര്‍ ദേവസ്വം പൊലീസില്‍ പരാതി നല്‍കി. ക്ഷേത്രത്തിന്റെ കുളപ്പടവുകളിലും നടപ്പുരയിലും വിഡിയോ ചിത്രീകരിച്ച് റീല്‍സ് ആയി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‌തെന്നാണ് പരാതി.

ക്ഷേത്രത്തില്‍ ആറാട്ട് പോലെയുള്ള ചടങ്ങുകള്‍ നടക്കുന്ന തീര്‍ഥക്കുളത്തിന്റെ പരിപാവനത ലംഘിച്ച് ഹൈക്കോടതിയുടെ നിരോധന മേഖലയില്‍ വിഡിയോ ചിത്രീകരിച്ചതിന് ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ഒ.ബി.അരുണ്‍കുമാര്‍ ടെംപിള്‍ പൊലീസില്‍ പരാതി നല്‍കി. പരാതി കോടതിക്ക് അയച്ചു. കോടതി നിര്‍ദേശപ്രകാരം അന്വേഷണം നടത്തും.

നടപ്പുരയില്‍ വീഡിയോ ചിത്രീകരിക്കുന്നത് കോടതി വിലക്ക് ഏര്‍പ്പെടുത്തിയതാണ്. പുണ്യസ്ഥലത്തിന്റെ ഭാഗമായി കണക്കാക്കപ്പെടുന്ന

തീര്‍ത്ഥക്കുളത്തില്‍ മുന്‍കൂര്‍ അനുമതിയില്ലാതെ വീഡിയോ ചിത്രീകരിക്കുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ടെന്ന് ക്ഷേത്രം അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

മൂന്ന് ദിവസം മുമ്പാണ് ജാസ്മിന്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഗുരുവായൂര്‍ ക്ഷേത്ര പരിസരത്തുനിന്ന് ചിത്രീകരിച്ച റീല്‍ പങ്കുവെച്ചത്. ഇതില്‍ ക്ഷേത്രക്കുളത്തില്‍ ജാസ്മിന്‍ കാല്‍ കഴുകുന്ന ഭാഗവുമുണ്ട്. ഇത് ചര്‍ച്ചയാതോടെ അവര്‍ റീല്‍ അക്കൗണ്ടില്‍നിന്ന് കളയുകയും ചെയ്തു.

Similar News