എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണം: തുടരന്വേഷണ ഹര്‍ജിയില്‍ വിധി 29 ന്; കണ്ണൂര്‍ മജിസ്‌ട്രേറ്റ് കോടതിയിലെ ഹര്‍ജി അന്വേഷണത്തില്‍ 13 പിഴവുകള്‍ ചൂണ്ടിക്കാട്ടി; കേസ് അനാവശ്യമായി നീട്ടി കൊണ്ടുപോകുന്നുവെന്ന് പി പി ദിവ്യയുടെ അഭിഭാഷകന്‍
എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണം: തുടരന്വേഷണ ഹര്‍ജിയില്‍ വിധി 29 ന്
കണ്ണൂര്‍: എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട്, ഭാര്യ മഞ്ജുഷ നല്‍കിയ ഹര്‍ജി വിധി പറയാന്‍ ഈ മാസം 29 ലേക്ക് മാറ്റി. അന്വേഷണത്തിലെ 13 പിഴവുകള്‍ ചൂണ്ടിക്കാട്ടിയാണ് മഞ്ജുഷ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്. രണ്ട് തവണ കോടതി ഈ കേസ് പരിഗണിച്ചിരുന്നു. ശക്തമായ വാദമാണ് ഉണ്ടായത്. ഈ മാസം 29ന് ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. കണ്ണൂര്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് നവീന്‍ ബാബുവിന്റെ ഭാര്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ മജിസ്‌ട്രേറ്റ് കോടതിയിലല്ല, സെഷന്‍സ് കോടതിയിലാണ് തീരുമാനമെടുക്കേണ്ടത് എന്നാണ് പ്രതിഭാഗത്തിന്റെ വാദം. തുടരന്വേഷണം വേണോ വേണ്ടയോ എന്ന കാര്യത്തില്‍ ഈ മാസം 29 ന് തീരുമാനമുണ്ടായേക്കും.
പ്രതിയായ പി പി ദിവ്യയുടെയും, കളക്ടറുടെയും രണ്ട് മൊബൈല്‍ നമ്പറുകളില്‍ ഒന്നുമാത്രമാണ് ഹാജരാക്കിയതെന്ന് വാദി ഭാഗം അഭിഭാഷകന്‍ വാദിച്ചു. ഇവരുടെ ഫോണ്‍ കോള്‍ രേഖകള്‍ കോടതിയില്‍ ഹാജരാക്കിയിട്ടില്ലെന്ന് വാദി ഭാഗം അഭിഭാഷകന്‍ വാദിച്ചു.
കേസ് അനാവശ്യമായി നീട്ടിക്കൊണ്ടുപോകുന്നുവെന്ന്പി പി ദിവ്യയുടെ അഭിഭാഷകന്‍ കെ വിശ്വന്‍ മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ നവീന്‍ ബാബുവിന്റെ മരണത്തിലെ ദുരൂഹത നീക്കുന്നതിനായി സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും നിലവിലുള്ള പൊലിസ് പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണം തൃപ്തികരമാണെന്ന സര്‍ക്കാര്‍ വാദം അംഗീകരിക്കുകയായിരുന്നു. ഇതോടെയാണ് നീതി തേടിയുള്ള കുടുംബത്തിന്റെ പോരാട്ടത്തിന് തിരിച്ചടിയായത്.