ഒന്‍പതാം വളവില്‍ കണ്ടെയ്‌നര്‍ ലോറി അപകടം: താമരശ്ശേരി ചുരത്തില്‍ അടിവാരത്തും ലക്കിടിയിലും ഗതാഗത നിയന്ത്രണം
കല്‍പ്പറ്റ: താമരശ്ശേരി ചുരം ഒന്‍പതാം വളവില്‍ കണ്ടെയ്‌നര്‍ ലോറി അപകടത്തെ തുടര്‍ന്ന് താമരശ്ശേരി ചുരം അടിവാരത്തും ലക്കിടിയിലും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഒന്‍പതാം വളവില്‍ അപകടം നടന്ന ഭാഗത്ത് ഒരു വരിയിലൂടെ മാത്രമേ വാഹനങ്ങള്‍ കടത്തിവിടുന്നുള്ളൂ. മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ ചുരം വഴി കടത്തി വിടുന്നില്ല. കോഴിക്കോട് ഭാഗത്തേക്ക് വരുന്ന ലോറികള്‍ അടിവാരത്ത് തടഞ്ഞിടുകയാണ്.
താമരശ്ശേരി ചുരം ഒന്‍പതാം വളവിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറി സംരക്ഷണ ഭിത്തി തകര്‍ത്ത് കൊക്കയിലേക്ക് ചെരിയുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. കര്‍ണാടകയില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കണ്ടെയ്നര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്.
ഒന്‍പതാം വളവില്‍ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട ലോറി സംരക്ഷണ ഭിത്തി തകര്‍ത്ത് കൊക്കയിലേക്ക് ചെരിയുകയായിരുന്നു. അപകടത്തില്‍ ലോറിയുടെ മുന്‍ഭാഗം കൊക്കയിലേക്ക് തൂങ്ങിയ നിലയിലാണ്. ലോറിയില്‍ ഉണ്ടായിരുന്ന ഡ്രൈവറെയും ക്ലീനറെയും പോലീസും നാട്ടുകാരും ചേര്‍ന്ന് സുരക്ഷിതമായി പുറത്തെത്തിച്ചു. അപകടത്തെ തുടര്‍ന്ന് ചുരത്തില്‍ ഗതാഗത നിയന്ത്രണം കര്‍ശനമാക്കി. അടിവാരത്തും ലക്കിടിയിലും പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.
നേരത്തെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ചുരത്തില്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിരുന്നു. ഈ അപകടം റോഡില്‍ തടസ്സമുണ്ടാക്കിയതിനെ തുടര്‍ന്ന് ഗതാഗതം പൂര്‍ണ്ണമായി തടസ്സപ്പെട്ടു. ചുരത്തില്‍ മഴ കുറഞ്ഞതോടെ മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നുവെങ്കിലും, ഈ അപകടം കാരണം വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അപകടം നടന്ന സ്ഥലത്ത് പോലീസ്, അഗ്‌നി രക്ഷാ സേന, ദുരന്ത നിവാരണ സേനാംഗങ്ങള്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ലോറി റോഡില്‍ നിന്ന് മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ് എന്ന് അധികൃതൃ അറിയിച്ചു.