ഓണം വാരാഘോഷം വര്‍ണാഭമാക്കാന്‍ ദീപാലങ്കാരങ്ങള്‍; സംസ്ഥാനതല ഓണാഘോഷം ഇന്ന്

Update: 2025-09-03 05:20 GMT

തിരുവനന്തപുരം: ഓണാഘോഷത്തിന് ഉത്സവഛായ പകര്‍ന്ന് തിരുവനന്തപുരം നഗരത്തിലെമ്പാടും ദീപാലങ്കാരങ്ങള്‍ മിഴി തുറന്നു. സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ വൈദ്യുത ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓണ്‍ ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് കനകക്കുന്നില്‍ നിര്‍വ്വഹിച്ചു. സംസ്ഥാനതല ഓണാഘോഷം ഇന്ന് വൈകിട്ട് 6 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

കേരളത്തിന്റെ മതസാഹോദര്യത്തിന്റെ പ്രതീകമാണ് ഓണാഘോഷമെന്ന് മന്ത്രി പറഞ്ഞു. ഓണക്കാലത്ത് വിദേശത്തു നിന്ന് ഉള്‍പ്പെടെ ഒട്ടേറെ സഞ്ചാരികള്‍ കേരളത്തിലെത്തും. ടൂറിസം മേഖലയ്ക്ക് ഇത് പുതിയ ഉണര്‍വ് നല്‍കും. തിരുവനന്തപുരത്തെ ഓണാഘോഷം ലോകം ശ്രദ്ധിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊതുവിദ്യാഭ്യാസ തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടി ചടങ്ങില്‍ അധ്യക്ഷനായിരുന്നു. ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആര്‍ അനില്‍, എ.എ റഹീം എംപി, എംഎല്‍എമാരായ ഐ.ബി സതീഷ്, സി.കെ ഹരീന്ദ്രന്‍, വി.കെ പ്രശാന്ത്, ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഓണം വാരാഘോഷത്തിന്റെ പതാക മന്ത്രി മുഹമ്മദ് റിയാസ് കനകക്കുന്നില്‍ ഉയര്‍ത്തി. കനകക്കുന്നില്‍ ആരംഭിച്ച ഓണം ഭക്ഷ്യമേള, മീഡിയ സെന്റര്‍ എന്നിവയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിച്ചു.

Similar News