കുടുംബത്തോടൊപ്പം സഞ്ചരിക്കുന്നതിനിടെ ഗതാഗത കുരുക്ക്; കാര്‍ നിര്‍ത്തിയപ്പോള്‍ ഡോര്‍ തുറന്ന് ഇറങ്ങി വളപട്ടണം പുഴയിലേക്ക് ചാടി; 63കാരനായി തെരച്ചില്‍ തുടരും
കണ്ണൂര്‍: കണ്ണൂര്‍ - കാസര്‍കോട് ദേശീയപാതയില്‍ കുടുംബത്തോടൊപ്പം കാറില്‍ സഞ്ചരിക്കുമ്പോള്‍ ഗതാഗത കുരുക്കില്‍ നിര്‍ത്തിയിട്ടപ്പോള്‍ കാറില്‍ നിന്നിറങ്ങി വളപട്ടണം പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയ വയോധികനായി കോസ്റ്റല്‍ പൊലിസും ഫയര്‍ഫോഴ്‌സും നാട്ടുകാരായ മത്സ്യ തൊഴിലാളികളും നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയില്ല.
രാത്രി ഏറെ വൈകിയതിനാല്‍ നിര്‍ത്തിയ തെരച്ചില്‍ നാളെ രാവിലെ പുനരാരംഭിക്കും. പാപ്പിനിശേരി കീച്ചേരി സ്വദേശി ഗോപിനാഥാണ് (63) പുഴയില്‍ ചാടിയത് ഇന്ന് വൈകുന്നേരം 4.30 മണിയോടെയാണ് സംഭവം. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കുടുംബത്തോടൊപ്പം കീച്ചേരിയിലെ വീട്ടിലേക്കുള്ള യാത്രാമധ്യേ വളപട്ടണം പാലത്തിനു മുകളില്‍ എത്തിയപ്പോള്‍ ഗതാഗത കുരുക്കില്‍പ്പെട്ട കാറില്‍ നിന്നും ഇറങ്ങിയ ഗോപിനാഥ് പുഴയിലേക്ക് ചാടുകയായിരുന്നു.
ബന്ധുക്കള്‍ ബഹളം വെച്ചതോടെ നാട്ടുകാര്‍ വളപട്ടണം പോലീസിലും ഫയര്‍ഫോഴ്‌സിലും വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ വളപട്ടണം ഇന്‍സ്‌പെക്ടര്‍ പി. വിജേഷിന്റെ നേതൃത്വത്തില്‍ പൊലീസും കണ്ണൂരില്‍ നിന്നുമെത്തിയ ഫയര്‍ഫോഴ്‌സും കോസ്റ്റല്‍ പൊലീസും സംയുക്തമായി വളപട്ടണം പുഴയില്‍ മണിക്കൂറുകളോളം തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.