ഓണത്തിരക്കില്‍ മറക്കരുത്! ഈ മൂന്ന് ദിവസം മദ്യം കിട്ടില്ല; ഉത്രാടപ്പാച്ചില്‍ കോളടിച്ച് ബെവ്‌കോ

Update: 2025-09-04 15:46 GMT

തിരുവനന്തപുരം: സംസ്ഥാനം ഓണാഘോഷത്തിലേക്ക് കടന്നതോടെ വിപണികള്‍ സജീവമാണ്. തിരുവോണത്തിന്റെ തിരക്കില്‍ കേരളം അലിഞ്ഞതോടെ വ്യാപാരസ്ഥാപനങ്ങളിലടക്കം തിരക്ക് രൂക്ഷമാണ്. ഉത്രാടപ്പാച്ചില്‍ ദിവസമായ വ്യാഴാഴ്ച ഓണം ആഘോഷിക്കുന്നതിനായുള്ള ചിട്ടവട്ടങ്ങള്‍ ഒരുക്കുന്നതിനുള്ള പരക്കംപാച്ചിലിലായിരുന്നു മലയാളികള്‍. ഓണം എത്തിയതോടെ സംസ്ഥാനത്തെ ബിവറേജുകളില്‍ കച്ചവടം സര്‍വകാല റെക്കോഡില്‍ എത്തുന്നത് പതിവാണ്. ഓരോ വര്‍ഷവും വില്‍പ്പനയില്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്.

എന്നാല്‍ തിരുവോണം ദിവസമായ വെള്ളിയാഴ്ച സംസ്ഥാനത്തെ ബിവറേജുകള്‍ തുറന്ന് പ്രവര്‍ത്തിക്കില്ല. ഇതോടെ ഉത്രാടപ്പാച്ചില്‍ ദിവസമായ ഇന്ന് മദ്യം വാങ്ങാന്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. വ്യാഴാഴ്ച റെക്കോഡ് മദ്യവില്‍പ്പനയാകും സംസ്ഥാനത്ത് രേഖപ്പെടുത്തുകയെന്നാണ് ബെവ്‌കോ അധികൃതരുടെ കണക്കുകൂട്ടല്‍. തിരുവോണത്തിന് പുറമെ സെപ്റ്റംബര്‍ ഏഴ്, 21 തീയതികളിലും സംസ്ഥാനത്തെ ബിവറേജുകള്‍ പ്രവര്‍ത്തിക്കില്ല. സെപ്റ്റംബര്‍ ഏഴ് ശ്രീനാരായണ ഗുരു ജയന്തി ദിവസവും സെപ്റ്റംബര്‍ 21 ശ്രീനാരായണ ഗുരു സമാധി ദിനവുമാണ്.

കഴിഞ്ഞ ഓണക്കാലത്ത് ഉത്രാടപ്പാച്ചില്‍ ദിവസം സംസ്ഥാനത്ത് റെക്കോഡ് മദ്യവില്‍പ്പനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞവര്‍ഷം ഓണക്കാലത്ത് മാത്രം സംസ്ഥാനത്ത് ബെവ്‌കോയിലൂടെ 818.21 കോടി രൂപയുടെ മദ്യ വില്‍പ്പന നടന്നതായി ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു. തിരുവോണത്തിന്റെ തലേദിവസമായ ഉത്രാട ദിനത്തില്‍ ബെവ്‌കോ വിവിധ ഔട്ട് ലെറ്റുകളിലൂടെ 124 കോടി രൂപയുടെ മദ്യ വില്‍പ്പന നടത്തി. കഴിഞ്ഞ തവണ കൊല്ലം ആശ്രമം ഔട്ട് ലെറ്റിലാണ് ഏറ്റവുമധികം വില്‍പ്പന നടന്നത്. ഇത്തവണയും സമാനമായ രീതിയില്‍ മദ്യവില്‍പ്പന ഉയരാനുള്ള സാധ്യതയാണ് സംസ്ഥാനത്തുള്ളത്. പുതിയെ റെക്കോഡ് വില്‍പ്പന ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല.

Similar News