ദേശീയപാത; 480 കിലോമീറ്റര്‍ ഡിസംബറില്‍ പൂര്‍ത്തിയാകും
ദേശീയപാത; 480 കിലോമീറ്റര്‍ ഡിസംബറില്‍ പൂര്‍ത്തിയാകും
തിരുവനന്തപുരം: ദേശീയപാത 66-ല്‍ 480 കിലോമീറ്റര്‍ ഡിസംബറില്‍ ആറുവരിയാകും. ആകെ 560 കിലോമീറ്ററാണ്. ഇത് 2026 മാര്‍ച്ചിലും പൂര്‍ത്തിയാകും. പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ അവലോകനയോഗംചേര്‍ന്നു.
വടകര, തുറവൂര്‍, തിരുവനന്തപുരം ഉള്‍പ്പെടെ ചിലമേഖലകളില്‍ നിര്‍മാണം മന്ദഗതിയിലാണെന്നും മെല്ലെപ്പോക്കുനടത്തുന്ന കരാറുകാര്‍ക്കുനേരേ കര്‍ശന നടപടിവേണമെന്നും മുഖ്യമന്ത്രി ദേശീയപാതാ അധികൃതരോട് ആവശ്യപ്പെട്ടു. കണ്ണൂരിലെ നടാലില്‍ ബസുകള്‍ക്കുകൂടി സഞ്ചരിക്കാനാകുംവിധം അടിപ്പാതനിര്‍മിക്കണം. അവിടെ ബസ്സുടമകളും നാട്ടുകാരും പ്രതിഷേധത്തിലാണ്. ചാലവരെ സഞ്ചരിച്ച് ബസ് തിരിച്ചുവരേണ്ടിവരുന്ന അവസ്ഥയുണ്ട്. ഇത് പ്രത്യേകകേസായി പരിഗണിച്ച് നടപടിയെടുക്കണം.
നിര്‍മാണപ്രവൃത്തിക്ക് തടസ്സമുണ്ടാകരുത്. ഇത്തരം പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹരിക്കാന്‍ ബന്ധപ്പെട്ട കളക്ടറും പോലീസ് മേധാവിയും മുന്‍കൈയെടുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, പി. രാജീവ്, കെ. കൃഷ്ണന്‍കുട്ടി, ചീഫ് സെക്രട്ടറി എ. ജയതിലക്, അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍, പൊതുമരാമത്ത് സെക്രട്ടറി കെ. ബിജു, ദേശീയപാതാ അതോറിറ്റി റീജണല്‍ ഓഫീസര്‍ കേണല്‍ എ.കെ. ജാന്‍ബാസ് തുടങ്ങിയവര്‍ പങ്കെടുത്തു.