ഇഡ്ഡലിയും ദോശയും ഉള്‍പ്പെട്ട പ്രഭാത ഭക്ഷണം; 11 മണിക്ക് ഉഴുന്നുവടയും ചായയും; ഉച്ചയ്ക്ക് പാലട പ്രഥമനും ചേര്‍ന്ന വിഭവസമൃദ്ധ ഊണ്; ആഗോള അയ്യപ്പ സംഗമം: ഭക്ഷണമൊരുക്കുന്നത് പഴയിടം മോഹനന്‍ നമ്പൂതിരി

ആഗോള അയ്യപ്പ സംഗമം: ഭക്ഷണമൊരുക്കുന്നത് പഴയിടം മോഹനന്‍ നമ്പൂതിരി

Update: 2025-09-19 18:26 GMT

പമ്പ: ആഗോള അയ്യപ്പ സംഗമത്തിന് എത്തുന്നവര്‍ക്ക് പഴയിടം മോഹനന്‍ നമ്പൂതിരിയുടെ കൈപുണ്യം നുകരാം. പ്രതിനിധികള്‍ക്ക് ഉള്‍പ്പെടെ ഭക്ഷണം ഒരുക്കുന്നത് പഴയിടത്തിന്റെ നേതൃത്വത്തില്‍.

4000 പേര്‍ക്കാണ് ഇഡ്ഡലിയും ദോശയും ഉള്‍പ്പെട്ട പ്രഭാത ഭക്ഷണം. ചായയും കാപ്പിയും കൂടാതെ പാല്‍ ചേര്‍ത്ത കോണ്‍ഫ്‌ലേക്‌സും ഉണ്ട്. രാവിലെ 11ന് 5000 പേര്‍ക്കുള്ള ചായയും ഉഴുന്നുവടയും വിതരണം ചെയ്യും. സാമ്പാര്‍, പുളിശ്ശേരി, മോര്, അവിയല്‍, തീയല്‍, തോരന്‍ ഉള്‍പ്പെടെ ഒമ്പത് കൂട്ടം കറിയും പാലട പ്രഥമനും ചേര്‍ന്ന വിഭവസമൃദ്ധമായ ഊണ് ഉച്ചയ്ക്ക്.

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് വെജിറ്റബിള്‍ പുലാവും ചില്ലി ഗോപിയും വിളമ്പും. കൂടെ പാലട പ്രഥമന്റെ രുചിയും ആസ്വദിക്കാം. വൈകിട്ട് മൂന്നിന് 5000 പേര്‍ക്ക് ചായയും വട്ടയപ്പവും ഒരുക്കും. 3000 പേരെയാണ് അത്താഴത്തിന് പ്രതീക്ഷിക്കുന്നത്. ഫുല്‍ക്ക റൊട്ടിയും പനീര്‍ ബട്ടറും വെജിറ്റബിള്‍ സാലഡും അത്താഴത്തിനുണ്ട്. 500 പേര്‍ക്ക് ഇരുന്നു കഴിക്കാനും ഏഴ് കൗണ്ടറുകളിലായി ബുഫേ സൗകര്യവുമുണ്ട്. കരിമ്പിന്‍ ചണ്ടിയില്‍ തീര്‍ത്ത പ്രകൃതി സൗഹൃദമായ പ്ലേറ്റിലാണ് ഭക്ഷണം നല്‍കുന്നത്. പഴയിടത്തിന്റെ നേതൃത്വത്തില്‍ 40 ജീവനക്കാരാണ് കലവറയില്‍. 600 കിലോ അരിയും 1500 ലിറ്റര്‍ പാലും പാചകത്തിന് ഉപയോഗിക്കുന്നു.

2017 മുതല്‍ തുടര്‍ച്ചയായി നാലുവര്‍ഷം സന്നിധാനത്ത് പഴയിടത്തിന്റെ മേല്‍നോട്ടത്തില്‍ ഓണസദ്യ നടത്തിയിട്ടുണ്ട്. പമ്പാ തീരത്തെ പ്രധാന വേദിയോട് ചേര്‍ന്നും ഹില്‍ടോപ്പിലെ 7000 ചതുരശ്രയടി ജര്‍മന്‍ ഹാങ്ങര്‍ പന്തലിലും ആണ് ഭക്ഷണം വിളമ്പുന്നത്.

Tags:    

Similar News