പരീക്ഷയില്‍ വിദ്യാര്‍ത്ഥികളെ മനഃപൂര്‍വം തോല്‍പിച്ചെന്ന് പരാതി; എംജിയില്‍ നാല് കരാര്‍ അധ്യാപകരെ പിരിച്ചുവിട്ടു
എംജിയില്‍ നാല് കരാര്‍ അധ്യാപകരെ പിരിച്ചുവിട്ടു
കോട്ടയം: പരീക്ഷയില്‍ വിദ്യാര്‍ത്ഥികളെ മനഃപൂര്‍വം തോല്‍പിച്ചെന്ന് പരാതിയില്‍ എംജി സര്‍വകലാശാലായിലെ നാല് കരാര്‍ അധ്യാപകരെ പിരിച്ചുവിട്ടു. സ്‌കൂള്‍ ഓഫ് ജെന്‍ഡര്‍ സ്റ്റഡീസ് പഠനവിഭാഗത്തിലെ എംഎ പരീക്ഷാഫലത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. പരീക്ഷയില്‍ മനപൂര്‍വ്വം തോല്‍പ്പിച്ചെന്ന വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ സത്യമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മുഴുവന്‍ താല്‍ക്കാലിക അധ്യാപകരെയും പിരിച്ചുവിട്ടത്. സംഭവത്തില്‍ നേരിട്ടു പങ്കാളിയല്ലെങ്കിലും വകുപ്പു ഡയറക്ടറെയും മാറ്റി.
2023-24ലെ പ്രഥമ ബാച്ചിന്റെ ഒന്നാം സെമസ്റ്റര്‍ പരീക്ഷാഫലത്തെക്കുറിച്ചാണു പരാതി ഉയര്‍ന്നത്. വിദ്യാര്‍ത്ഥികളെ മനഃപൂര്‍വം തോല്‍പിച്ചെന്നായിരുന്നു ആരോപണം. തുടര്‍ന്നു സര്‍വകലാശാല നിയോഗിച്ച കമ്മിഷന്റെ അന്വേഷണത്തില്‍ അധ്യാപകര്‍ക്കു വീഴ്ച പറ്റിയെന്നു കണ്ടെത്തുക ആയിരുന്നു. കരാറടിസ്ഥാനത്തില്‍ നിയമിക്കപ്പെട്ട 4 അധ്യാപകരെയും പിരിച്ചുവിടാന്‍ വൈസ് ചാന്‍സലറാണ് ഉത്തരവിട്ടത്. ആദ്യ ബാച്ചില്‍ ഒന്‍പത് വിദ്യാര്‍ഥികളാണ് ഉണ്ടായിരുന്നത്.
നട്ടാശേരിയിലുള്ള ഇന്ത്യന്‍ ലീഗല്‍ തോട്ടിലെ അസി. പ്രഫസര്‍ക്കായിരുന്നു വകുപ്പു മേധാവിയുടെ ചുമതല. ഇവര്‍ ചുമതലയില്‍നിന്നു മാറാന്‍ സന്നദ്ധത അറിയിച്ചിരുന്നു. പകരം ഗാന്ധിയന്‍ തോട്ട് ആന്‍ഡ് ഡവലപ്‌മെന്റ് സ്റ്റഡീസിലെ പ്രഫസര്‍ ഡോ. എം.എച്ച്. ഇല്യാസിനു ഡയറക്ടറുടെ ചുമതല നല്‍കി. സര്‍വകലാശാലയുടെ പ്രധാന ക്യാംപസിലെ അധ്യാപകര്‍ക്കു ഡയറക്ടറുടെ ചുമതല നല്‍കണമെന്നു സിന്‍ഡിക്കറ്റ് യോഗം നിര്‍ദേശിച്ചതിനാലാണ് ഈ നിയമനം. കരാറടിസ്ഥാനത്തില്‍ 4 അസി. പ്രഫസര്‍മാരെയും നിയമിച്ചു.