എല്ലാ മേഖലകളിലും കേരളം ഒന്നാമത്: ഇനിയും മുന്നോട്ട് പോകുവാന്‍ നാട് ഒന്നിച്ചു നില്‍ക്കണം; ജനാഭിപ്രായങ്ങളിലൂടെ സമഗ്ര വികസനം ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളില്‍ സംഘടിപ്പിക്കുന്ന വികസന സദസ്സില്‍ നിന്നും സ്വരൂപിക്കുന്ന ജനാഭിപ്രായങ്ങളിലൂടെ സമഗ്രമായ വികസനം സാധ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വികസന സദസ്സ് സംസ്ഥാനതല ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തിലാണ് ആദ്യ വികസന സദസ്സ് നടന്നത്.
വികസന സദസ്സിലൂടെ കേരളം പുതിയ കാല്‍വയ്പ്പ് നടത്തുകയാണ്. നാടിന്റെ എല്ലാ ഭാഗങ്ങളെയും കേട്ടുകൊണ്ടുള്ള ഭാവി വികസനം നടപ്പിലാക്കും. സര്‍ക്കാരിന്റെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളിലൂടെ നേടാന്‍ കഴിഞ്ഞ വികസന നേട്ടങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടും. അതോടൊപ്പം എന്റെ നാട് എങ്ങനെ വികസിച്ചു വരണം എന്നുള്ള അഭിപ്രായങ്ങള്‍ ജനങ്ങളില്‍ നിന്നും ശേഖരിക്കും. ഈ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്രോഡീകരിച്ച് ഭാവി വികസനത്തിന് അടിത്തറ പാകുന്ന വികസന പദ്ധതികള്‍ രൂപീകരിക്കും. പ്രാദേശിക പ്രത്യേകത അനുസരിച്ചു താഴെത്തട്ടില്‍ നിന്നുള്ള ആസൂത്രണം സാധ്യമാക്കാനും കഴിയും. ഇതിനായി ഒരു മാസം നീണ്ടു നില്‍ക്കുന്ന വികസന സദസ്സുകള്‍ കേരളത്തിലാകെ നടക്കും. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലുമുള്ള ജനങ്ങള്‍ അവിടത്തെ ഭാവി വികസനത്തെപ്പറ്റി അഭിപ്രായം രേഖപ്പെടുത്തും. വികസന സദസ്സിലൂടെ സര്‍ക്കാരും ജനങ്ങളും തമ്മിലുള്ള ഇഴയടുപ്പം വര്‍ദ്ധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന വികസനത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പ്രധാന പങ്കുണ്ട്. ഓരോ പ്രദേശത്തിന്റെയും വികസനം സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും വികസനമാണ്. വികസന നേട്ടങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ജനങ്ങള്‍ക്കാണ് പ്രാധാന്യം. ഭരണത്തിലുള്ളവര്‍ മാത്രമല്ല എല്ലാവരും അവരുടെ നാടിന്റെ വികസനത്തിനായി ഇതില്‍ പങ്ക് വഹിക്കണം. നാടിന്റെ വികസന കാര്യത്തില്‍ ഒന്നിച്ചു നില്‍ക്കുക വളരെ പ്രധാനമാണ്. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വികസന സദസ്സുകള്‍ നടത്തി ആവശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്തിനാകെ മാതൃകയായി അധികാരവികേന്ദ്രീകരണവും ജനകീയ ആസൂത്രണവും മികച്ച രീതിയില്‍ നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. കേരള സംസ്ഥാനം രൂപീകരിച്ച ശേഷം അധികാരത്തില്‍ വന്ന ഇ എം എസ് സര്‍ക്കാര്‍ അടിസ്ഥാന വികസനത്തിന് അടിത്തറയിട്ടു. അന്ന് മുതല്‍ അധികാര വികേന്ദ്രീകരണം നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. ജനകീയ ആസൂത്രണത്തിലൂടെ പ്രാദേശിക വികസന പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ വലിയ തോതില്‍ പങ്കാളികളായി. എല്ലാവരെയും ചേര്‍ത്ത് നിര്‍ത്തിയുള്ള വികസനമാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുള്ളത്. എല്ലാ തദ്ദേശസ്ഥാപനങ്ങളുടെയും വികസന പ്രവര്‍ത്തനങ്ങളില്‍ വേര്‍തിരിവില്ലാത്ത പിന്തുണയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത്.
കേരളത്തില്‍ കഴിഞ്ഞ ഒരു ദശാബ്ദത്തില്‍ പ്രകടമായ മാറ്റങ്ങള്‍ ഉണ്ടായി. നടപ്പിലാകില്ല എന്ന് വിധിയെഴുതിയ പലതും ഇച്ഛാശക്തിയോടെ നടപ്പിലാക്കാന്‍ കഴിഞ്ഞു. ഡിസംബറില്‍ ദേശീയപാതയുടെ നാലൊരു ഭാഗം പൂര്‍ത്തിയാകും. 2026 മാര്‍ച്ചോടെ ചില ഭാഗങ്ങള്‍ ഒഴികെ ദേശീയപാത പൂര്‍ത്തിയാകും. ഗെയില്‍ പൈപ്പ് ലൈന്‍ പൂര്‍ത്തിയാക്കി പ്രവര്‍ത്തനസജ്ജമായി. തീരദേശ, മലയോര ഹൈവേയ്ക്ക് പതിനായിരം കോടി രൂപ കിഫ്ബിയിലൂടെ വകയിരുത്തി. കോവളം മുതല്‍ ബേക്കല്‍ വരെയുള്ള ജലപാത പദ്ധതിയിലെ ചേറ്റുവ വരെ ഡിസംബറില്‍ പൂര്‍ത്തിയാകും.
ആരോഗ്യ മേഖല രാജ്യത്തില്‍ ഒന്നാമതാണ് കേരളം. ആരോഗ്യരംഗത്തെ അടിസ്ഥാന സൗകര്യങ്ങളില്‍ മികച്ച മുന്നേറ്റം സാധ്യമാക്കി. നവജാത ശിശുമരണ നിരക്കില്‍ വികസിത രാജ്യങ്ങള്‍ക്കും മുന്നിലാണ് കേരളം ഇന്ന്. കേരളത്തിന്റെ ആരോഗ്യ സൗകര്യങ്ങള്‍ ലോകം ശ്രദ്ധിച്ച കോവിഡ് കാലത്ത് ഉള്‍പ്പടെ ആര്‍ദ്രം പദ്ധതിയിലൂടെ വെന്റിലേറ്ററുകള്‍ ഉള്‍പ്പടെ മികച്ച ആരോഗ്യസേവനങ്ങള്‍ നടപ്പാക്കാനായി. വിദ്യാലയങ്ങള്‍ അക്കാദമികമായും അടിസ്ഥാന നൂതന സാങ്കേതിക സൗകര്യങ്ങളിലും മികച്ച നിലവാരത്തിലേക്ക് ഉയര്‍ത്തി. കാര്‍ഷിക, വ്യാവസായിക, ഐ ടി ഉള്‍പ്പടെ സമഗ്രമേഖലകളിലും വികസന നേട്ടങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്. അതിദാരിദ്ര്യം പരിഹരിക്കാന്‍ ശ്രമങ്ങളുണ്ടായി. നവംബര്‍ 1ന് അതിദാരിദ്ര്യമുക്തമായുള്ള സംസ്ഥാനമായി ഔദ്യോഗിക പ്രഖ്യാപനം നടത്താനാകും. സംസ്ഥാന സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കുന്ന വാഗ്ദാനങ്ങള്‍ കൃത്യമായി നടപ്പിലാക്കി, പ്രോഗ്രസ്സ് റിപ്പോര്‍ട്ടിലൂടെ അവ ജനങ്ങളെ അറിയിച്ചു. ഈ വികസനങ്ങള്‍ നാടിനും പാവപ്പെട്ടവര്‍ക്കും സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയാണ് വ്യക്തമാക്കുന്നത്. എല്ലാ മേഖലകളിലും കേരളം ഒന്നാമതാണ്. ഇനിയും മുന്നോട്ട് പോകുവാന്‍ നാട് ഒന്നിച്ചു നില്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ സ്വാഗതം ആശംസിച്ചു. പൊതുവിദ്യാഭ്യാസം, തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി മുഖ്യതിഥിയായി. എം എല്‍ എ മാരായ ആന്റണി രാജു, വി കെ പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാര്‍, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സെക്രട്ടറി എസ് ഹരികിഷോര്‍, തദ്ദേശസ്വയംഭരണ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ടി വി അനുപമ, പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ജെറോമിക് ജോര്‍ജ്ജ്, ഡയറക്ടര്‍ (അര്‍ബന്‍) സൂരജ് ഷാജി, ഡയറക്ടര്‍ (റൂറല്‍) അപൂര്‍വ ത്രിപാഡി തുടങ്ങിയവര്‍ സന്നിഹിതരായി.