കോവളം സമുദ്ര ബീച്ചിന് സമീപം വനംവകുപ്പിന്റെ പരിശോധന; കാറിലും ബൈക്കിലും സ്‌കൂട്ടറിലുമായി എത്തിയ അഞ്ചംഗ സംഘത്തെ വളഞ്ഞിട്ടു പിടിച്ചു; കണ്ടെത്തിയത് 155 കിലോ ചന്ദനത്തടി
155 കിലോ ചന്ദനത്തടിയുമായി അഞ്ചംഗ സംഘം പിടിയില്‍
കോവളം: തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 155 കിലോഗ്രാം ചന്ദനത്തടിക്കഷണങ്ങളുമായി അഞ്ചംഗ സംഘം പിടിയില്‍. 10 ലക്ഷം രൂപ വിലമതിക്കുന്ന ചന്ദനത്തടിയാണ് വനംവകുപ്പ് പിടികൂടിയത്. 155 കിലോഗ്രാം ചന്ദനത്തടിക്കഷണങ്ങളും കടത്തിന് ഉപയോഗിച്ച ഒരു കാറും ബൈക്കും സ്‌കൂട്ടറും ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. കോവളം സമുദ്ര ബീച്ചിന് സമീപത്ത് വെച്ച് ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. വനംവകുപ്പിന്റെ പരുത്തിപ്പള്ളി റെയിഞ്ചും തിരുവനന്തപുരം ഫ്‌ലയിങ് സ്‌ക്വാഡ് റെയിഞ്ചും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതികളെ പിടികൂടിയത്. പിടിച്ചെടുത്ത ചന്ദനം കിലോയ്ക്ക് 6000 മുതല്‍ 7000 രൂപ വരെയുള്ള വിലയ്ക്ക് മലപ്പുറത്തെ സംഘത്തിന് വില്‍ക്കാനായിരുന്നു പ്രതികളുടെ പദ്ധതിയെന്ന് വനംവകുപ്പ് അറിയിച്ചു.
അറസ്റ്റിലായവരില്‍ മുഖ്യപ്രതിയായ ജയകുമാറാണ് തമിഴ്നാട്ടില്‍ നിന്ന് ചന്ദനമരങ്ങള്‍ മുറിച്ച് കേരളത്തിലെത്തിക്കുന്നത്. ഇയാളുടെ കൂട്ടാളിയായ തമിഴ്നാട് സ്വദേശി ജെ. നെഹേമി, സഹായിയായ നെയ്യാറ്റിന്‍കര സ്വദേശി ബിജുകുമാര്‍ എന്നിവരും പിടിയിലായി. ഈ സംഘത്തില്‍ നിന്ന് ചന്ദനം വാങ്ങി മലപ്പുറം സ്വദേശികള്‍ക്ക് വില്‍ക്കുന്ന ഇടനിലക്കാരായ കൊല്ലം ഉമയന്നല്ലൂര്‍ സ്വദേശി ഷെഫീക്, കൊല്ലം തെന്മല സ്വദേശി നജീബ് എന്നിവരാണ് അറസ്റ്റിലായ മറ്റു രണ്ടുപേര്‍.
നജീബും ഷെഫീക്കും തുടര്‍ച്ചയായി തമിഴ്നാട്ടിലേക്ക് യാത്ര ചെയ്യുന്നതായി വനംവകുപ്പിന്റെ രഹസ്യവിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍, കേസിലെ മുഖ്യപ്രതിയും വിതരണക്കാരനുമായ മഞ്ചവിളാകം സ്വദേശി ജയകുമാറിനെ തമിഴ്നാട്ടിലെ മാര്‍ത്താണ്ഡം കരിങ്കലില്‍ വെച്ച് പരുത്തിപ്പള്ളി റെയിഞ്ച് ഓഫീസറും സംഘവും ആദ്യം അറസ്റ്റ് ചെയ്തു. ഈ സംഘം വാഹനങ്ങളില്‍ ചന്ദനത്തടികള്‍ കോവളത്ത് കൈമാറ്റം നടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ സമുദ്ര ബീച്ചിലെത്തി പരിശോധന നടത്തിയത്. കാറിലും ബൈക്കിലും സ്‌കൂട്ടറിലുമായി എത്തിയ സംഘത്തെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. പരിശോധനയില്‍ നെഹേമിയുടെ പക്കല്‍ നിന്ന് 35 കിലോയും മറ്റുള്ളവരില്‍ നിന്ന് 120 കിലോയും ഉള്‍പ്പെടെ ആകെ 155 കിലോ ചന്ദനത്തടി കണ്ടെടുത്തു എന്ന് ജില്ലാ ഫോറസ്റ്റ് മേധാവി ദേവി പ്രിയ അറിയിച്ചു.
ഈ സംഘം പിന്നീട് ഇരട്ടി വിലയ്ക്ക് ചന്ദനം മറ്റിടങ്ങളിലേക്ക് മറിച്ചുവില്‍ക്കുകയാണ് പതിവ്. അറസ്റ്റിലായവരില്‍ നെഹേമിയും നജീബും മുന്‍പും ചന്ദനക്കടത്ത് കേസില്‍ പ്രതികളായി ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ളവരാണെന്നും അധികൃതര്‍ വ്യക്തമാക്കി. കോടതിയില്‍ ഹാജരാക്കിയ അഞ്ചു പ്രതികളെയും റിമാന്‍ഡ് ചെയ്തു.