പ്രവാസികളായ കേരളീയര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി സമഗ്ര ആരോഗ്യ -അപകട ഇന്‍ഷുറന്‍സ് പദ്ധതി 'നോര്‍ക്ക കെയര്‍'; തുടക്കമിട്ട് മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രവാസികളായ കേരളീയര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ -അപകട ഇന്‍ഷുറന്‍സ് പദ്ധതി 'നോര്‍ക്ക കെയര്‍' മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. പ്രവാസികളുടെ ദീര്‍ഘകാലത്തെ ആവശ്യമാണ് ഇന്ന് നടപ്പിലാകുന്നതെന്നും ഏറെ ഉപകാരപ്രദമായ പദ്ധതിയുടെ സേവനം കേരള പിറവി ദിനം മുതല്‍ ലഭ്യമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രവാസികള്‍ക്ക് മാത്രമായി രാജ്യത്ത് ആദ്യമായി നടപ്പിലാക്കുന്ന ഇന്‍ഷുറന്‍സ് എന്ന പ്രത്യേകതയും പദ്ധതിയ്ക്കുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ മന്ത്രി കെ എന്‍ ബാലഗോപാല്‍ അധ്യക്ഷനായി.
പദ്ധതിയുടെ ഭാഗമാകുന്ന ആദ്യ പ്രവാസി കുടുംബത്തിനുള്ള ഇ- കാര്‍ഡ് നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ ചടങ്ങില്‍ കൈമാറി. വിദേശ രാജ്യങ്ങളിലും മറ്റ് സംസ്ഥാനങ്ങളിലുമുള്ള പ്രവാസി മലയാളികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പദ്ധതിയില്‍ അംഗങ്ങളാകാം. നോര്‍ക്ക പ്രവാസി ഐഡി കാര്‍ഡോ സ്റ്റുഡന്റ് ഐഡി കാര്‍ഡോ ഉള്ളവര്‍ക്കും മറ്റ് സംസ്ഥാനങ്ങളിലെ എന്‍ആര്‍കെ ഐഡി കാര്‍ഡുള്ളവര്‍ക്കും പദ്ധതിയില്‍ ചേരാം. അഞ്ചുലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും പത്തുലക്ഷം രൂപയുടെ അപകട പരിരക്ഷയും ലഭിക്കും. കേരളത്തിലെ അഞ്ഞൂറി-ലധികം ആശുപത്രികളുള്‍പ്പെടെ രാജ്യത്തെ 16,000 ആശുപത്രികളില്‍ ക്യാഷ്ലെസ് ചികിത്സ ഉറപ്പാക്കും. ഭാവിയില്‍ ജിസിസി രാജ്യങ്ങളിലടക്കമുള്ള ആശുപത്രികളിലേക്കും പദ്ധതി വ്യാപിപ്പിക്കും.
പ്രവാസിയും ജീവിതപങ്കാളിയും കൂടാതെ 25 വയസ്സില്‍ താഴെയുള്ള രണ്ടു മക്കള്‍ക്കുംകൂടി ഏകദേശം 13,275 രൂപയാണ് വാര്‍ഷിക പ്രീമിയം. നിലവിലുള്ള അസുഖവും ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ ഉള്‍പ്പെടും. പോളിസി എടുത്തശേഷം തിരികെവരുന്ന പ്രവാസികള്‍ക്കും പദ്ധതി തുടരാം. വിവരങ്ങള്‍ക്കായി ഇന്ത്യയില്‍നിന്ന് 1800 425 3939 എന്ന ടോള്‍ ഫ്രീ നമ്പറിലും വിദേശത്തുനിന്ന് +91-8802 012 345 എന്ന നമ്പറിലും (മിസ്ഡ് കോള്‍ സേവനം) ബന്ധപ്പെടാം.