ജിഎസ്ടി പരിഷ്‌കാരത്തില്‍ ജനങ്ങള്‍ക്ക് ഗുണം കിട്ടുമോ എന്നതില്‍ ആശങ്ക; എതിര്‍പ്പ് തുടര്‍ന്ന് ധനമന്ത്രി ബാലഗോപാല്‍

Update: 2025-09-22 12:31 GMT

കൊല്ലം: ജിഎസ്ടി പരിഷ്‌കാരത്തില്‍ ജനങ്ങള്‍ക്ക് ഗുണം കിട്ടുമോ എന്നതില്‍ ആശങ്കയുണ്ടെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. വില കുറയ്ക്കുമ്പോള്‍ ആദ്യം കമ്പനികള്‍ അതിന്റെ ഗുണം എടുക്കും. സാധനങ്ങളുടെ വില ആദ്യം കുറച്ച് കാണിച്ചിട്ട്, പിന്നീട് മോഡല്‍ മാറ്റും. ഇതാണ് നേരത്തെ അനുഭവിച്ചിട്ടുള്ളത്. പുതിയ പരിഷ്‌കാരത്തെ തുടര്‍ന്നുള്ള വിലക്കുറവ് സാധാരണക്കാര്‍ക്ക് ലഭിക്കണമെന്നും ധനമന്ത്രി പറഞ്ഞു.

രാജ്യത്താകെ രണ്ട്‌ലക്ഷം കോടിയുടെ കുറവ് വരുമെന്നാണ് കണക്ക്. സംസ്ഥാനങ്ങള്‍ക്കും വലിയ സാമ്പത്തികകുറവ് വരും. സംസ്ഥാനങ്ങളുടെ ആകെ പ്രവര്‍ത്തന ഫണ്ടിന്റെ 40 ശതമാനം വരുന്നത് ജിഎസ്ടിയില്‍ നിന്നാണ്. കേരളത്തിന് 8000 മുതല്‍ 10,000 കോടി വരെ ഒരുവര്‍ഷം കുറവ് വരുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇത് പരിഹരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സംവിധാനം വേണമെന്ന് ആവശ്യപ്പെട്ടിട്ടും കേന്ദ്രസര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല.

ഒരു പഠനവും നടത്താതെയാണ് ഈ പരിഷ്‌കാരം നടപ്പാക്കിയത്. നോട്ട് നിരോധനം പോലെ പെട്ടെന്ന് പ്രഖ്യാപിച്ചതിന്റെ ഭാഗമായുണ്ടാകുന്ന ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ടെന്നും ധനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

Similar News