ഓണക്കാലത്തെ അളവുതൂക്ക വെട്ടിപ്പ്; 25.99 ലക്ഷം രൂപ പിഴയിട്ടു

ഓണക്കാലത്തെ അളവുതൂക്ക വെട്ടിപ്പ്; 25.99 ലക്ഷം രൂപ പിഴയിട്ടു

Update: 2025-09-23 03:57 GMT

കൊച്ചി: ഓണക്കാലത്ത് അളവുതൂക്കത്തില്‍ വെട്ടിപ്പ് നടത്തിയ വ്യാപാരികളെ പൂട്ടി ലീഗല്‍ മെട്രോളജി വകുപ്പ്. അളവ് തൂക്കത്തില്‍ കൃത്രിമം കാണിച്ച സംസ്ഥാനത്തെ 647 വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരേ കേസെടുക്കുകയും 25.99 ലക്ഷം രൂപ പിഴയീടാക്കുകയും ചെയ്തു. മുദ്ര ചെയ്യാത്ത അളവുതൂക്ക ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള വ്യാപാരം, പായ്ക്കര്‍ രജിസ്‌ട്രേഷന്‍ ഇല്ലാതെ ഉത്പന്നങ്ങളുടെ വില്‍പ്പന, പായ്ക്കറ്റുകളില്‍ നിയമപ്രകാരമുള്ള പ്രഖ്യാപനങ്ങള്‍ രേഖപ്പെടുത്താതിരിക്കുക, രേഖപ്പെടുത്തിയതിലും കൂടിയ വില ഈടാക്കുക തുടങ്ങിയ ക്രമക്കേടുകളാണ് കണ്ടെത്തിയത്.

ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ നാലുവരെ പതിനായിരത്തോളം കടകളിലാണ് പരിശോധന നടത്തിയത്. 59 കേസുകളില്‍ 3.9 ലക്ഷം രൂപ പിഴയടച്ച മലപ്പുറം ജില്ലയില്‍നിന്നാണ് കൂടുതല്‍ പിഴ ഈടാക്കിയത്. കോഴിക്കോട് ജില്ല 41 കേസുകളില്‍ 2.8 ലക്ഷം രൂപയടച്ചപ്പോള്‍ എറണാകുളം ജില്ലയില്‍ 52 കേസുകളില്‍നിന്നായി 2.27 ലക്ഷംരൂപ പിഴ ഈടാക്കി.

ആദ്യമായാണ് വെട്ടിപ്പ് നടത്തുന്നതെങ്കില്‍ 5000 രൂപയാണ് പിഴയീടാക്കുക. തുടര്‍ന്നും വെട്ടിപ്പ് നടത്തുന്നതായി കണ്ടെത്തിയാല്‍ പിഴത്തുക പതിനായിരമാകും. എല്ലാ മാസവും രണ്ടുതവണ താലൂക്ക് തലത്തിലുള്ള വ്യവസായ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് ലീഗല്‍ മെട്രോളജി വകുപ്പ് പരിശോധനകള്‍ നടത്താറുണ്ട്. കൂടാതെ ഓണം, ക്രിസ്മസ്, റംസാന്‍ ആഘോഷ ദിവസങ്ങള്‍ വരുമ്പോള്‍ അഞ്ച് ദിവസങ്ങള്‍ക്കു മുന്‍പ് ജില്ലാ തലത്തില്‍ രണ്ട് സ്‌ക്വാഡ് രൂപവത്കരിച്ച് ഓരോ താലൂക്കിലും സ്പെഷ്യല്‍ ഡ്രൈവ് നടത്താറുണ്ടെന്നും ലീഗല്‍ മെട്രോളജി വകുപ്പ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ അബ്ദുല്‍ ഹഫീസ് പറഞ്ഞു.

Tags:    

Similar News