വിദ്യാര്‍ഥികള്‍ പ്രതികളാകുന്ന ലഹരിക്കേസുകള്‍ കൂടുന്നു; ഒന്‍പതു വര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 1,949 കേസുകള്‍
വിദ്യാര്‍ഥികള്‍ പ്രതികളാകുന്ന ലഹരിക്കേസുകള്‍ കൂടുന്നു
ആലപ്പുഴ: സംസ്ഥാനത്ത് വിദ്യാര്‍ഥികള്‍ പ്രതികളാകുന്ന ലഹരിക്കേസുകള്‍ കൂടുന്നതായി എക്‌സൈസിന്റെ കണക്ക്. ഒന്‍പതുവര്‍ഷത്തിനിടെ 1,949 ലഹരിക്കേസാണ് ഇത്തരത്തില്‍ രജിസ്റ്റര്‍ചെയ്തത്. ഇതില്‍ 454-ല് കേസുകളിലും പ്രതികള്‍ ശിക്ഷിക്കപ്പെട്ടു. എക്‌സൈസിന്റെ കണക്കു മാത്രമാണിത്. പോലീസ് എടുത്ത കേസ് കൂടി പരിഗണിച്ചാല്‍ എണ്ണം കൂടും. 2016 മുതല്‍ 2025 ഓഗസ്റ്റ് വരെയുള്ള കണക്കാണ് എക്‌സൈസ് പുറത്തുവിട്ടത്. ഈ വര്‍ഷം ഓഗസ്റ്റ് വരെ രജിസ്റ്റര്‍ചെയ്ത 312 കേസില്‍ 49-ലും ശിക്ഷിച്ചു.
2022 മുതല്‍ ലഹരിക്കേസ് വലിയതോതില്‍ കൂടിയതായി കണക്കുകളില്‍നിന്നു വ്യക്തമാകും. 2016-2022 കാലയളവില്‍ 395 കേസ് രജിസ്റ്റര്‍ചെയ്തപ്പോള്‍ 2022-ല്‍ മാത്രം എടുത്തത് 332 കേസാണ്. എന്‍ഡിപിഎസ് (നര്‍കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപ്പിക്കല്‍ സബ്സ്റ്റന്‍സ്) നിയമപ്രകാരമുള്ള കേസുകളാണ് ഇതില്‍ ഭൂരിഭാഗവുമെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.