നഴ്‌സുമാരുടെ സമരം: ഹൈക്കോടതി ഇടപെട്ടു; ചൊവ്വാഴ്ച മധ്യസ്ഥ ചര്‍ച്ച; സമരം നിര്‍ത്തിവെക്കാന്‍ നിര്‍ദേശം
നഴ്‌സുമാരുടെ സമരം: ഹൈക്കോടതി ഇടപെട്ടു;
കൊച്ചി: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ നടത്തുന്ന അനിശ്ചിതകാല സമരത്തില്‍ ഇടപെട്ട് ഹൈക്കോടതി. സമരം ഒത്തുതീര്‍പ്പാക്കുന്നതിനായി ചൊവ്വാഴ്ച മധ്യസ്ഥ ചര്‍ച്ചകള്‍ നടത്താന്‍ കോടതി നിര്‍ദേശം നല്‍കി. മധ്യസ്ഥ ചര്‍ച്ചകള്‍ പൂര്‍ത്തിയാകുന്നത് വരെ നഴ്‌സുമാര്‍ സമരം നിര്‍ത്തിവെക്കണമെന്നും ഹൈക്കോടതി കര്‍ശനമായി ആവശ്യപ്പെട്ടിട്ടുണ്ട്.
ഹൈക്കോടതി മീഡിയേഷന്‍ സെന്ററില്‍ നിന്ന് ഒരു മധ്യസ്ഥനെ ഇതിനായി നിയോഗിക്കുമെന്നും കോടതി അറിയിച്ചു. ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് നഴ്‌സുമാര്‍ നടത്തുന്ന അനിശ്ചിതകാല സമരം ആറാം ദിവസത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഈ ഇടപെടല്‍. അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ഉള്‍പ്പെടെ ബഹിഷ്‌കരിച്ചാണ് നഴ്‌സുമാര്‍ സമരം തുടരുന്നത്.
ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരം ശക്തമായി മുന്നോട്ട് കൊണ്ടുപോകാനാണ് നഴ്‌സുമാരുടെ സംഘടനകളുടെ തീരുമാനം. എന്നാല്‍, നിലവിലെ സമരം അനാവശ്യമാണെന്നാണ് ആശുപത്രി മാനേജ്‌മെന്റുകളുടെ നിലപാട്. നഴ്‌സുമാരുടെ എണ്ണം കുറഞ്ഞത് ആശുപത്രികളില്‍ രോഗികളെ പ്രതികൂലമായി ബാധിച്ചു തുടങ്ങിയിട്ടുണ്ട്.
നേരത്തെ, ആശുപത്രി സേവനങ്ങള്‍ മുടങ്ങാതിരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ആശുപത്രികള്‍ക്ക് ആവശ്യമായ പോലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. ഹൈക്കോടതിയുടെ ഈ നിര്‍ദേശം നഴ്‌സുമാരുടെ സമരത്തിന് ഒരു താല്‍ക്കാലിക വിരാമമിടാനും പ്രശ്‌നത്തിന് ഒരു മധ്യസ്ഥ പരിഹാരം കണ്ടെത്താനും വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.