വിമാനയാത്രാ ടിക്കറ്റ് റദ്ദാക്കിയിട്ടും പണം മടക്കിനല്‍കിയില്ല; ഏജന്‍സിക്ക് പിഴയിട്ട് ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മിഷന്‍: ടിക്കറ്റ് തുകയടക്കം 32,000 രൂപ നല്‍കണം
വിമാനയാത്രാ ടിക്കറ്റ് റദ്ദാക്കിയിട്ടും പണം മടക്കിനൽകിയില്ല; ഏജൻസിക്ക് പിഴയിട്ടു
കോട്ടയം: വിമാനയാത്രാ ടിക്കറ്റ് റദ്ദാക്കിയിട്ടും ഉപഭോക്താവിന് പണം മടക്കിനല്‍കാതിരുന്ന ഏജന്‍സിക്ക് പിഴയിട്ട് എറണാകുളം ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മിഷന്‍. വിമാനത്തിന്റെ യാത്ര രണ്ടുതവണ മാറ്റിവെച്ചതിനാല്‍ ബുക്ക് ചെയ്ത ടിക്കറ്റ് റദ്ദാക്കി. എന്നാല്‍ വിമാന കമ്പനി തിരികെ നല്‍കിയ ടിക്കറ്റ് തുക ഏജന്‍സി കബളിപ്പിച്ചു. ഇതോടെ റിട്ട ബാങ്കുദ്യോഗസ്ഥനായ മുളക്കുളം മുറംതൂക്കില്‍ എം.ടി. തോമസ്് ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മിഷനെ സമീപിക്കുക ആയിരുന്നു.
2024 ഫെബ്രുവരി 15-നാണ് സംഭവം. മേക്ക് മൈ ട്രിപ്പ് എന്ന സ്ഥാപനമാണ് ബുക്കിങ് തുകയും നഷ്ടപരിഹാരവും കൊടുക്കേണ്ടത്. ചെന്നൈയില്‍നിന്ന് കൊച്ചിയിലേക്ക് തോമസ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. വിമാനം രണ്ടുതവണ യാത്രാസമയം മാറ്റിയതോടെ തോമസ് ബുക്കിങ് റദ്ദാക്കി പണം തിരികെ ആവശ്യപ്പെട്ടു. വിമാനക്കമ്പനിയായ ഇന്‍ഡിഗോ ടിക്കറ്റ് തുകയായ 7284 രൂപ, ബുക്കിങ് സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് കൊടുത്തു. പക്ഷേ, അവര്‍ പണം തോമസിന് കൈമാറിയില്ല. തുടര്‍ച്ചയായി പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല.
തനിക്ക് യാത്രാതടസ്സം മൂലമുള്ള ശാരീരിക പ്രയാസങ്ങള്‍ക്കു പുറമേ അടച്ചപണം കിട്ടാതെ അവഹേളനവും നേരിടേണ്ടി വന്നുവെന്ന് തോമസ് ചൂണ്ടിക്കാട്ടി. പണം നല്‍കിയെന്ന് ഓണ്‍ലൈന്‍ സ്ഥാപനം വാദിച്ചെങ്കിലും ശരിയല്ലെന്ന് തോമസ് ബാങ്ക് അക്കൗണ്ട് കാണിച്ച് തെളിയിച്ചു. ഓണ്‍ലൈന്‍ സ്ഥാപനം ടിക്കറ്റ് തുകയ്‌ക്കൊപ്പം ഉപഭോക്താവിന് നേരിട്ട മാനസിക ആഘാതത്തിന് 20,000 രൂപയും നഷ്ടപരിഹാരമായി കൊടുക്കണം. നടപടിച്ചെലവിലേക്ക് 5000 രൂപയും തോമസിന് കൊടുക്കണം. ഡി.ബി.ബിനു പ്രസിഡന്റും ടി.എന്‍.ശ്രീവിദ്യ അംഗവുമായ കമ്മിഷനാണ് വിധി പ്രസ്താവിച്ചത്.