അകലക്കുന്നം ക്ടാക്കുഴിയിലെ പ്ലൈവുഡ് ഫാക്ടറി പരിസ്ഥിതി മലിനീകരണം നടത്തുന്നതായി പരാതി; നടപടി എടുക്കണമെന്നാവശ്യപ്പെട്ട് പ്രകൃതി സംരക്ഷണ സമിതി
അകലക്കുന്നം ക്ടാക്കുഴിയിലെ പ്ലൈവുഡ് ഫാക്ടറി പരിസ്ഥിതി മലിനീകരണം നടത്തുന്നതായി പരാതി
കോട്ടയം: അകലക്കുന്നം ക്ടാക്കുഴിയില്‍ പ്രവര്‍ത്തിക്കുന്ന പ്ലൈവുഡ് ഫാക്ടറി രൂക്ഷമായ അന്തരീക്ഷ മലിനീകരണം സൃഷ്ടിക്കുന്നതായി പരാതി. ഫാക്ടറിക്കു സമീപം നിരവധി വീടുകളും അംഗന്‍വാടിയുമുള്ളതിനാല്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്കു വഴിവക്കുമെന്നാണ് നാട്ടുകാരുടെ പരാതി.
ഫാക്ടറിയില്‍ നിന്നുള്ള വിഷപ്പുക, രാസവസ്തുക്കളുടെ അതിരൂക്ഷ ഗന്ധം, ശബ്ദമലിനീകരണം എന്നിവ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, ചര്‍മ്മരോഗങ്ങള്‍ എന്നിവക്ക് കാരണമാകുകയാണെന്ന് ചൂണ്ടിക്കാട്ടി അകലക്കുന്നത്ത് പ്രവര്‍ത്തിക്കുന്ന പ്രകൃതി സംരക്ഷണ സമിതി മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കി.
മീനച്ചിലാറിന്റെ പ്രധാന കൈവഴിയായ ക്ടാക്കുഴി തോട്ടിലേക്കാണ് ഫാക്ടറിയില്‍ നിന്നുള്ള മലിനജലം ഒഴുക്കിവിടുന്നതെന്നും ഇതിനെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന കുടിവെള്ള പദ്ധതികള്‍ കൂടി മലിനമാകുകയാണെന്നും പ്രകൃതി സംരക്ഷണ സമിതി ആരോപിക്കുന്നു. പരിസ്ഥിതി നിയമങ്ങളും ചട്ടങ്ങളം കാറ്റില്‍പറത്തി പ്രവര്‍ത്തിക്കുന്ന ഫാക്ടറി പ്രദേശത്തെ പാരിസ്ഥിതിക സന്തുലിതാവസ്ഥയെ തകര്‍ക്കുകയാണെന്നും ഇതിനെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി കൈക്കൊള്ളണമെന്നും പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു.