ശൈത്യകാല ഷെഡ്യൂള്‍; സര്‍വീസുകള്‍ വെട്ടിക്കുറച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്: കുവൈത്ത്, ബഹ്റൈന്‍, ദമാം, ജിദ്ദ എന്നീ സെക്ടറുകളിലേക്ക് നേരിട്ട് സര്‍വീസ് ഇല്ല
ശൈത്യകാല ഷെഡ്യൂള്‍; സര്‍വീസുകള്‍ വെട്ടിക്കുറച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്
മട്ടന്നൂര്‍: ഈ മാസം അവസാനത്തോടെ തുടങ്ങുന്ന ശൈത്യകാല ഷെഡ്യൂളില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്നുള്ള സര്‍വീസുകള്‍ വെട്ടിക്കുറച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ശൈത്യകാല ഷെഡ്യൂളില്‍ കണ്ണൂരില്‍നിന്ന് ആഴ്ചയില്‍ 42 സര്‍വീസുകളുടെ കുറവാണുണ്ടാകുക. കേരളത്തിലെ മറ്റു വിമാനത്താവളങ്ങളില്‍നിന്നുള്ള സര്‍വീസുകളും കുറച്ചിട്ടുണ്ട്. കുവൈത്ത്, ബഹ്റൈന്‍, ദമാം, ജിദ്ദ എന്നീ സെക്ടറുകളിലേക്ക് കണ്ണൂരില്‍നിന്ന് നേരിട്ടുള്ള സര്‍വീസുകളുണ്ടാകില്ല.
കുവൈത്ത്, ജിദ്ദ, ബഹ്റൈന്‍ എന്നിവിടങ്ങളിലേക്ക് ആഴ്ചയില്‍ രണ്ടും ദമാമിലേക്ക് മൂന്നും സര്‍വീസാണുണ്ടായിരുന്നത്. കണ്ണൂര്‍, കോഴിക്കോട് വിമാനത്താവളങ്ങളില്‍നിന്ന് കുവൈത്തിലേക്ക് നേരിട്ടുള്ള സര്‍വീസില്ലാത്തത് പ്രവാസികള്‍ക്ക് തിരിച്ചടിയാകും.
കണ്ണൂരില്‍നിന്നുള്ള മറ്റു സര്‍വീസുകളിലും കുറവ് വരുത്തിയിട്ടുണ്ട്. ഷാര്‍ജയിലേക്ക് ആഴ്ചയില്‍ 12 സര്‍വീസുണ്ടായിരുന്നത് ഏഴായും മസ്‌കറ്റിലേക്ക് ഏഴ് സര്‍വീസുണ്ടായിരുന്നത് നാലായും കുറച്ചു. ദുബായ്, റാസല്‍ഖൈമ എന്നിവിടങ്ങളിലേക്കുള്ള ഓരോ സര്‍വീസും കുറച്ചിട്ടുണ്ട്.
വേനല്‍ക്കാല ഷെഡ്യൂളില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന് ആഴ്ചയില്‍ 96 അന്താരാഷ്ട്ര സര്‍വീസുകളുണ്ടായിരുന്നത് ശൈത്യകാല ഷെഡ്യൂളില്‍ 54 ആയി കുറയും. എയര്‍ ഇന്ത്യ എക്‌സ്പ്രസും ഇന്‍ഡിഗോയും മാത്രമാണ് കണ്ണൂരില്‍നിന്ന് സര്‍വീസ് നടത്തുന്നത്. അതേസമയം ശൈത്യകാല ഷെഡ്യൂളിന്റെ അന്തിമരൂപമായിട്ടില്ലെന്നാണ് വിമാനക്കമ്പനി അധികൃതര്‍ പറയുന്നത്.