ശബരിമലയില്‍ നടന്നത് ഗുരുതര കുറ്റകൃത്യം; ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് മാത്രമല്ല, കടകംപള്ളിക്കും പങ്കുണ്ട്; സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന് വി. മുരളീധരന്‍

Update: 2025-10-04 10:23 GMT

കോട്ടയം: ശബരിമലയില്‍ ദേവസ്വം മാനുവലിനു വിരുദ്ധമായ കാര്യമാണ് നടന്നതെന്നും ഗുരുതര കുറ്റകൃത്യമാണെന്നും ബിജെപി നേതാവ് വി. മുരളീധരന്‍. പുറത്തുക്കൊണ്ടുപോയി നന്നാക്കാന്‍ ഉള്ള തീരുമാനം വലിയ ഗൂഢാലോചനയുടെ ഭാഗമാണ്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മാത്രം തീരുമാനമല്ല നടന്നതെന്നും ആ കാലത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് അടക്കം പങ്കുണ്ടെന്നും അദ്ദേഹം വിമര്‍ശിച്ചു.

ദ്വാരപാലക ശില്‍പം തന്നെ മാറ്റിയോ എന്ന് സംശയം ഉണ്ടെന്നും ദേവസ്വം വിജിലന്‍സ് അന്വേഷിക്കുമെന്ന് മന്ത്രി വി. വാസവന്‍ പറയുന്നത് കടകംപള്ളിയെ സംരക്ഷിക്കാനാണെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. എഫ്.ഐ.ആര്‍. ഫയല്‍ ചെയ്യാന്‍ പോലും ദേവസ്വം വിജിലന്‍സിനാകില്ല.

വാസവനും പ്രശാന്തും തങ്ങളുടെ വീഴ്ച മറച്ചു പിടിക്കാന്‍ ആണ് ശ്രമിക്കുന്നത്. ഒന്നും അറിയില്ല എന്ന് പറഞ്ഞാല്‍ പ്രസിഡന്റിന് ആ പദവിയില്‍ ഇരിക്കാന്‍ യോഗ്യത ഇല്ല എന്നാണ് അര്‍ത്ഥം. മറ്റ് മതങ്ങളിലെ ആരാധനാലയത്തില്‍ ആയിരുന്നു എങ്കില്‍ മന്ത്രി വാസവന്‍ ഇങ്ങനെ ലാഘവത്തോടെ പ്രതികരിക്കുമോയെന്നും അദ്ദേഹം ചോദിച്ചു.

ഇക്കാര്യത്തില്‍ സിബിഐ അന്വേഷണം ആണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഒളിച്ചുവെക്കാന്‍ ഒന്നും ഇല്ലെങ്കില്‍ അന്വേഷണം സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ തയാറാകണം. പാരിതോഷികത്തില്‍ എത്ര കടകംപള്ളിക്ക് പോയി, പദ്മകുമാറിന് പോയി എന്നാണ് അറിയാന്‍ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

Similar News